മൈസൂരു: ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജംഗിൾ സഫാരി. കാക്കി പാന്റും കറുത്ത തൊപ്പിയും ടീ ഷർട്ടും ജാക്കറ്റും ധരിച്ചാണ് മോദി സഫാരിക്കെത്തിയത്.
ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘പ്രോജക്ട് ടൈഗർ’ പദ്ധതിയുടെ 50ാം വാർഷിക പരിപാടിയുടെ ഭാഗമായാണ് മോദി ബന്ദിപ്പൂരിലെത്തിയത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുവ സെൻസസ് റിപ്പോർട്ട് പുറത്തിറക്കും. ബന്ദിപ്പൂരിലെത്തുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. നേരത്തെ ഇന്ദിരാ ഗാന്ധിയും ബന്ദിപ്പൂരിലെത്തിയിരുന്നു. തമിഴ്‌നാട്ടിലെ മുതുമലൈ കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പും മോദി സന്ദർശിച്ചു.
കടുവ, സിംഹം, ചെന്നായ, പുള്ളിപ്പുലി തുടങ്ങി ഏഴു വിഭാഗം മൃഗങ്ങളുടെ സംരക്ഷണത്തിനായുള്ള രാജ്യാന്തര കൂട്ടായ്മയായ ഇന്റർനാഷനൽ ബിഗ് കാറ്റ്സ് അലയൻസിനും (ഐ.ബി.സി.എ) പ്രധാനമന്ത്രി തുടക്കമിടും.രാജ്യത്തെ കടുവകളെ സംരക്ഷിക്കാൻ 1973ലാണ് പ്രോജക്ട് ടൈഗർ എന്ന പേരിൽ സർക്കാർ സംരക്ഷണ പദ്ധതി നടപ്പാക്കുന്നത്. അന്ന് രാജ്യത്ത് ഒമ്പത് കടുവാ സംരക്ഷണ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ന് 53 എണ്ണം. ലഭ്യമായ കണക്കുപ്രകാരം ഇന്ത്യൻ വനങ്ങളിൽ 3000 കടുവകളാണ് ഉള്ളത്.
ലോകത്തെ 70 ശതമാനം കടുവകളും ഇന്ത്യയിലാണ്. 1970ലാണ് ഇന്ത്യയിൽ കടുവാ വേട്ട നിരോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.