ബംഗാളിൽ മമത വീഴുമോ‍?; അധികാരം പിടിക്കാൻ ബി.ജെ.പിയെന്ന് എക്സിറ്റ് പോൾ പ്രവചനം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ബി.ജെ.പി അധികാരം പിടിച്ചെടുക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ. വാശിയേറിയ പോരാട്ടം നടന്ന സംസ്ഥാനത്ത് ഭരണകക്ഷിയെ അട്ടിമറിച്ച് എൻ.ഡി.എ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് സർവേ ഏജൻസികളെല്ലാം സൂചിപ്പിക്കുന്നത്. പി മാർക്ക് (P-MARQ), മാട്രിസ് (Matrize) തുടങ്ങിയ പ്രമുഖ ഏജൻസികളുടെ കണക്കുകൾ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷത്തിനുള്ള സാധ്യത നൽകുന്നുണ്ട്.

ആകെയുള്ള 294 സീറ്റുകളിൽ ബി.ജെ.പിക്ക് 150 മുതൽ 175 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പി മാർക്കിന്‍റെ പ്രവചനം. തൃണമൂൽ കോൺഗ്രസ് 118 മുതൽ 138 വരെ സീറ്റുകളിലേക്ക് ചുരുങ്ങിയേക്കാം. 148 സീറ്റുകളാണ് ബംഗാളിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ബി.ജെ.പിക്ക് 146 മുതൽ 161 വരെ സീറ്റുകളും ടി.എം.സിക്ക് 125 മുതൽ 140 വരെ സീറ്റുകളുമാണ് മാട്രിസ് പ്രവചിക്കുന്നത്. മറ്റുള്ളവർക്ക് 6 മുതൽ 10 വരെ സീറ്റുകൾ ലഭിച്ചേക്കും.

പോൾ ഡയറി ബി.ജെ.പിക്ക് 142 മുതൽ 171 വരെ സീറ്റുകൾ ലഭിക്കുമെന്ന് പറയുമ്പോൾ ഭരണകക്ഷിയായ ടി.എം.സിക്ക് 99 മുതൽ 127 വരെ സീറ്റുകളേ ലഭിക്കൂ എന്നും പറയുന്നുണ്ട്.

എന്നാല്‍, പീപ്പള്‍സ് പള്‍സ് വ്യത്യസ്തമായ സര്‍വേഫലമാണ് പുറത്ത് വിടുന്നത്. 179 മുതല്‍ 189 വരെ സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കിട്ടുമ്പോള്‍ ബി.ജെ.പി പരമാവധി 110 സീറ്റില്‍ ഒതുങ്ങും.

ഇന്ന് നടന്ന തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 90 ശതമാനത്തിനടുത്ത് റെക്കോർഡ് പോളിങാണ് രേഖപ്പെടുത്തിയത്. എന്നാൽ, വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായ സംഘർഷങ്ങളും അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ചിലയിടങ്ങളിൽ നിന്ന് ബോംബുകളും കണ്ടെടുത്തു. കോടതി നടപടികളും അക്രമ സംഭവങ്ങളും കാരണം ദേശീയ ശ്രദ്ധ നേടിയ ബംഗാൾ തെരഞ്ഞെടുപ്പിൽ തുടർഭരണം കിട്ടുമെന്നാണ് തൃണമൂലിന്‍റെ കണക്കുക്കൂട്ടൽ. എന്നാൽ ഭരണവിരുദ്ധ വികാരം തങ്ങൾക്ക് അനുകൂലമായെന്നാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം 

Tags:    
News Summary - Exit polls predict BJP surge in West Bengal; Mamata Banerjee's TMC faces potential defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.