ന്യൂഡൽഹി: അഗ്നിപഥിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ സേനതലവൻമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടികാഴ്ച നടത്തും. അഗ്നിപഥ് പദ്ധതിയെക്കുറിച്ച് കര, നാവിക, വ്യോമ സേന തലവൻമാരോട് ചർച്ച ചെയ്യാനാണ് കൂടികാഴ്ച എന്നാണ് റിപ്പോർട്ടുകൾ. മൂന്ന് സേനതലവൻമാരുമായും പ്രധാനമന്ത്രി പ്രത്യേകമായി കൂടികാഴ്ച നടത്തും. നാവികസേന മേധാവി അഡ്മിറൽ ആർ. ഹരി കുമാറുമായിട്ടായിരിക്കും ആദ്യ കൂടിക്കാഴ്ച എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേർന്നാണ് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. അഗ്നിപഥ് പദ്ധതി പ്രകാരം 17.5 വയസിനും 21 വയസിനും ഇടയിലുളള യുവാൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. പദ്ധതി നടപ്പാക്കുന്നതിലൂടെ സ്ഥിരനിയമനത്തിനുള്ള അവസരവും പെൻഷൻ ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാക്കളുടെ പ്രതിഷേധം.
സൈന്യത്തിന്റെ പ്രഫഷനലിസം നശിപ്പിക്കുന്ന പദ്ധതിയാണിതെന്ന് മുൻ സൈനിക ഉദ്യോഗസ്ഥരടക്കം ചൂണ്ടികാട്ടിയിരുന്നു. പ്രതിരോധ മേഖലയിൽ ചെലവു കുറക്കാനുള്ള സർക്കാറിന്റെ കുറുക്കുവഴിയാണ് ഈ പദ്ധതിയെന്നും വിമർശനം ഉയർന്നിരുന്നു. പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ആദ്യ ബാച്ചിന് കേന്ദ്ര സർക്കാർ വയസിളവ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം മൂന്ന് പ്രതിരോധ സേനകളിലേക്കും അഗ്നിവീറുകളെ റിക്രൂട്ട് ചെയുന്നതിനായി ഇതിനകം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.