ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടർച്ചയായ മൂന്നാംതവണ നരേന്ദ്രമോദി ചുമതലയേറ്റു. ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ തന്റെ ഓഫിസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്.ചുമതലയേറ്റ ശേഷം മോദി ആദ്യം ഒപ്പുവെച്ചത് കർഷകർക്ക് ധനസഹായം നൽകുന്ന പി.എം. കിസാൻ നിധി ബില്ലിലാണ്. 9.3 കോടി കർഷകർക്ക് സഹായം നൽകുന്ന പദ്ധതിയാണിത്. 20,000 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. കിസാൻ നിധിയുടെ 17ാം ഗഡു നൽകാനുള്ള ഉത്തരവിലാണ് മോദി ഒപ്പുവെച്ചത്. 'കർഷകരോട് പ്രതിബദ്ധതയുള്ള സർക്കാരാണ് ഞങ്ങളുടേത്. അതിനാലാണ് ചുമതലയേറ്റയുടൻ കിസാൻ നിധി ബില്ലിൽ ഒപ്പുവെച്ചത്. വരുംദിവസങ്ങളിൽ കർഷകർക്ക് കൂടുതൽ ഫലപ്രദമായ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ.'-ബില്ലിൽ ഒപ്പുവെച്ചയുടൻ മോദി പറഞ്ഞു.
ചുമതലയേൽക്കാനായി എത്തിയ മോദിയെ പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥർ വരവേറ്റു. പുതിയ മന്ത്രിസഭയുടെ ആദ്യയോഗം ഇന്ന് നടക്കും. ഇതിന് രാഷ്ട്രപതിയുടെ അനുമതി വേണം.
മോദിയുടെ നേതൃത്വത്തിലുള്ള 72 അംഗ കേന്ദ്രമന്ത്രിമാരടങ്ങുന്ന മന്ത്രിസഭ ഇന്നലെ വൈകീട്ട് 7.15ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങന്‍ലാണ് സത്യപ്രതിജ്ഞ ചെയ്തത്. മോദിക്കു പിന്നാലെ മുതിർന്ന ബി.ജെ.പി നേതാക്കളായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവരും അധികാരമേറ്റു. പുതിയ സർക്കാരിൽ 30 കാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിമാരും 36 സഹമന്ത്രിമാരുമാണുള്ളത്.
വിദേശ രാഷ്ട്രത്തലവൻമാർക്ക് പുറമെ, മുകേഷ് അംബാനിയും കുടുംബവും, ഗൗതം അദാനിയും കുടുംബവും, ചലച്ചിത്ര താരങ്ങളായ ഷാരൂഖ് ഖാൻ, രജനീകാന്ത്, അക്ഷയ് കുമാർ, രവീണ ടണ്ഠൻ, അനുപം ഖേർ, വിക്രാന്ത് മാസ്സി, ഗായകൻ കൈലാഷ് ഖേർ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാൻ എത്തിയിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഭാര്യാസമേതമാണ് എത്തിയത്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.