ഫലസ്തീനികൾക്കുള്ള അചഞ്ചല പിന്തുണ ആവർത്തിച്ച് മോദി; 2018 മുതൽ ഇന്ത്യ സഹായമായി നൽകിയത് 2.25 കോടി ഡോളർ

ന്യൂഡൽഹി: ഫലസ്തീൻ ജനതയോടുള്ള പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എൻ നേതൃത്വത്തിൽ വർഷം തോറും നടക്കാറുള്ള ഫലസ്തീനികൾക്കുള്ള ഐക്യദാർഢ്യദിനത്തിലാണ് മോദി പിന്തുണ ആവർത്തിച്ചത്. ഫലസ്തീനിലെ സൗഹാർദ ജനതയുമായുള്ള ഇന്ത്യയുടെ ബന്ധം നമ്മുടെ പൊതു ചരിത്രത്തിൽ വേരൂന്നിയതാണ്. അന്തസ്സോടെയും സ്വാശ്രയത്വത്തോടെയും സാമ്പത്തികവും സാമൂഹികവുമായ വികസനം പിന്തുടരുന്നതിൽ ഞങ്ങൾ ഫലസ്തീൻ ജനതയെ എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുണ്ട്. സമഗ്രവും ചർച്ചകളിലൂടെയും പരിഹാരം കാണുന്നതിന് ഫലസ്തീൻ-ഇസ്രായേൽ ഭാഗങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു"-മോദി പറഞ്ഞു.

ഇക്കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യ ഫലസ്തീൻ ജനതക്ക് 25 ലക്ഷം ഡോളറിന്റെ സഹായം കൈമാറിയിരുന്നു. ഫലസ്തീനു നൽകുന്ന വാർഷിക സഹായ പദ്ധതിയായ 50 ലക്ഷം ഡോളറിന്റെ ഭാഗമായാണത്. ഫലസ്തീൻ അഭയാർഥികളെ സഹായിക്കാൻ യു.എൻ ഏജൻസിയാണ് ഈ പണം ശേഖരിക്കുന്നത്. 2018 മുതൽ ഇന്ത്യ 2.28 കോടി ഡോളിന്റെ(ഏകദേശം 1,83,56,63,625 രൂപ) സഹായമാണ് നൽകിയത്. സ്വന്തമായ രാജ്യം എന്ന മഹത്തായ യാത്രയിലേക്കുള്ള ഫലസ്തീനികളുടെ ചുവടുവെപ്പിന് ഭാരതസർക്കാരിന്റെയും ഇവിടുത്തെ ജനങ്ങളുടെയും പ്രതിനിധിയായി എല്ലാവിധ പിന്തുണയും നൽകുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

ഇന്ത്യയും ഫലസ്തീനും തമ്മിലുള്ള ബന്ധത്തിന് നിരവധി വർഷങ്ങളുടെ പഴക്കമുണ്ട്. ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ അംഗീകരിച്ച ആദ്യ അറബ് ഇതര രാജ്യം ഇന്ത്യയാണ്. ഫലസ്തീനെ രാജ്യമായി അംഗീകരിക്കാൻ തയാറായ രാജ്യങ്ങളുടെ കൂട്ടത്തിലും ഇന്ത്യ മുൻനിരയിലുണ്ടായിരുന്നു. 1996ൽ ഗസ്സയിൽ പ്രതിനിധി ഓഫിസ് തുറന്നതോടെ ഇന്ത്യയും ഫലസ്തീനും തമ്മിലുള്ള നയതന്ത്രബന്ധവും വർധിച്ചു. 2003ൽ ഈ ഓഫിസ് റാമല്ലയിലേക്ക് മാറ്റി.

Tags:    
News Summary - PM Modi reiterates india's unwavering support to palestinian cause

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.