റാം കദം എം.എൽ.എ പങ്കുവെച്ച ചിത്രം
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം 500 രൂപ നോട്ടിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എൽ.എ റാം കദം. മോദിക്കൊപ്പം വി.ഡി സവർക്കർ, ബി.ആർ അംബേദ്കർ, ശിവജി എന്നിവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തണം. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ നോട്ടുകളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ആപ് നേതാവ് അരവിന്ദ് കെജ്രിവാൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം
നമുക്ക് മോദിയുടെ രാജ്യത്തിനായുള്ള ത്യാഗവും അർപ്പണമനോഭാവവും കഠിനാധ്വാനവും എങ്ങനെയാണ് വിസ്മരിക്കാൻ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. ഹിന്ദുദേവതകളുടെ ചിത്രം നോട്ടുകളിൽ ഉൾപ്പെടുത്താനുള്ള അരവിന്ദ് കെജ്രിവാളിന്റെ നീക്കം ആത്മാർഥമായിട്ടാണെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് കെജ്രിവാൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്‍റെയും ചിത്രം പുതിയ കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക രംഗത്ത് അഭിവൃദ്ധിയുണ്ടാകാൻ ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്‍റെയും ചിത്രം നോട്ടിൽ ഉൾപ്പെടുത്തണമെന്നാണ് കെജ്രിവാൾ പറയുന്നത്.
'സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ നമ്മൾ ഏറെ പ്രയത്നിക്കേണ്ടതുണ്ട്. എന്നാൽ, അതിനൊപ്പം നമ്മുടെ ദൈവങ്ങളുടെയും ദേവതമാരുടെയും അനുഗ്രഹം കൂടി വേണം' -കെജ്രിവാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ കറൻസി നോട്ടിൽ ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്. അത് അതേപോലെ നിലനിർത്തണം. മറുവശത്ത് ഗണേശ ഭഗവാന്‍റെയും ലക്ഷ്മി ദേവിയുടെയും ചിത്രം ഉൾപ്പെടുത്തുകയാണെങ്കിൽ രാജ്യത്തിന് മുഴുവൻ അതിന്‍റെ അനുഗ്രഹമുണ്ടാകുമെന്നായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.