കൊൽക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടേറിക്കൊണ്ടിരിക്കേ പശ്ചിമ ബംഗാളിലെ അടുക്കളയിലെ പ്രധാന വിഭവമായ മത്സ്യത്തെച്ചൊല്ലി ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിൽ പോര്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലും മത്സ്യമായിരുന്നു പ്രധാന ചർച്ചാ വിഷയം. പശ്ചിമബംഗാളിലെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ ജനങ്ങൾക്ക് ആവശ്യത്തിന് മത്സ്യം നൽകുന്നതിൽ പരാജയപ്പെട്ടുവെന്നായിരുന്നു നരേന്ദ്ര മോദിയുടെ ആരോപണം. ഉയർന്ന ഡിമാൻഡ് ഉണ്ടായിട്ടും ബംഗാൾ മത്സ്യ ഉൽപ്പാദനത്തിൽ ആത്മനിർഭർ ആയില്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് മത്സ്യം ഇറക്കുമതി ചെയ്യുകയാണെന്നും മോദി കുറ്റപ്പെടുത്തി. ബി.ജെ.പിയെ മാംസവിരുദ്ധരായി ചിത്രീകരിക്കുന്ന തൃണമൂൽ കോൺഗ്രസ് പ്രചാരണങ്ങളുടെ മുനയൊടിക്കുക എന്നതായിരുന്നു മോദിയുടെ ലക്ഷ്യം.
‘മത്സ്യത്തിന് ഇത്രയധികം ആവശ്യക്കാരുണ്ടെന്ന് അറിയുമ്പോൾ ഞെട്ടിപ്പോകും. ബംഗാൾ സ്വയംപര്യാപ്തമല്ല... മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് മത്സ്യം ഇറക്കുമതി ചെയ്യുന്നത്. 15 വർഷത്തെ ഭരണത്തിനിടയിൽ തൃണമൂൺ കോൺഗ്രസിന് നിങ്ങൾക്ക് മീൻ തരാൻ കഴിഞ്ഞിട്ടില്ല’ -നരേന്ദ്രമോദി കുറ്റപ്പെടുത്തി. ബീഹാറും അസമും മുമ്പ് മത്സ്യം ഇറക്കുമതി ചെയ്തിരുന്നു. ഇപ്പോൾ അവർ സ്വയംപര്യാപ്തരാണ്, മത്സ്യ ഉൽപാദനം ഇരട്ടിയാക്കിയെന്നും മോദി പറഞ്ഞു.
ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ മത്സ്യവും മാംസവും നിരോധിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് പ്രചാരണം ശക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് വ്യക്തമായതോടെ ബി.ജെ.പിയും നേതാക്കളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ബിഹാറിലും ബംഗാളിലുമെല്ലാം തങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അതിനെ തടയുന്നവരെ തകർത്തുകളയുമെന്നുമുള്ള ‘അവസരവാദ യുടേൺ’ അടിക്കുകയായിരുന്നു പാർട്ടിയും നേതാക്കളും.
അതേസമയം, നരേന്ദ്രമോദിക്ക് മറുപടിയുമായി മമത ബാനർജിയും രംഗത്തെത്തി. ബംഗാൾ ആന്ധ്രാപ്രദേശിൽ നിന്ന് മത്സ്യം ഇറക്കുമതി ചെയ്തിരുന്നുവെന്നും എന്നാൽ ഇപ്പോൾ അത് നിർത്തിയതായും മോദിക്ക് മറുപടിയായി ഒരു തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ മമത ചൂണ്ടിക്കാട്ടി. ‘നേരത്തെ, ഞങ്ങൾ ഹൈദരാബാദിൽ നിന്നാണ് മത്സ്യം ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ 80ശതമാനം മത്സ്യവും ഇവിടെ ബംഗാളിലാണ് ഉത്പാദിപ്പിക്കുന്നത്. ബംഗാളിലെ മത്സ്യ ഉൽപാദനത്തെക്കുറിച്ച് അവർ വിഷമിക്കേണ്ടതില്ല’ -മമത പറഞ്ഞു.
പ്രധാനമന്ത്രിയും മമത ബാനർജിയും തമ്മിലുള്ള വാഗ്വാദം സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചക്കും കാരണമായി. മത്സ്യ ഇറക്കുമതി സംബന്ധിച്ച പരാമർശങ്ങളെ ചുറ്റിപ്പറ്റിയാണ് സമൂഹമാധ്യമ ചർച്ചകൾ.
ആന്ധ്രാപ്രദേശ് കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സ്യം ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ബംഗാൾ. ഏകദേശം 23.74 ലക്ഷം ടൺ മത്സ്യം (ഇന്ത്യയുടെ ആകെ മത്സ്യത്തിന്റെ ഏകദേശം 12ശതമാനം) ഇവിടെ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ബംഗാളിലെ ജനസംഖ്യയുടെ 80ശതമാനം പേരും മത്സ്യം ഉപയോഗിക്കുന്നുണ്ട്.
ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നാണ് ബംഗാൾ ഗണ്യമായ അളവിൽ മത്സ്യം ഇറക്കുമതി ചെയ്യുന്നതെന്ന് വാണിജ്യ മന്ത്രാലയം പാർലമെന്റിൽ നൽകിയ മറുപടിയിൽ പറയുന്നു. എന്നിരുന്നാലും, ഇറക്കുമതി ക്രമേണ കുറഞ്ഞുവരികയാണെന്ന് ഡാറ്റ കാണിക്കുന്നു. 2022-23 ൽ ബംഗാൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 1.51 ലക്ഷം മെട്രിക് ടൺ മത്സ്യം ഇറക്കുമതി ചെയ്തു. 2023-24 ൽ ഇത് 1.36 ലക്ഷം മെട്രിക് ടൺ ആയി കുറഞ്ഞു. 2024-25 ൽ ഇത് 1.22 ലക്ഷം മെട്രിക് ടൺ ആയി കുറഞ്ഞതായും കണക്കുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.