ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ, ഉത്സവ സീസണിന് മുന്നോടിയായി പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം. കോവിഡ് വ്യാപനം കൂടുതലായ പ്രദേശങ്ങള്‍ കണ്ടെയിൻമെന്റ്, ബഫര്‍ സോണുകളായി പ്രഖ്യാപിക്കാമെന്നും ആവശ്യമെങ്കില്‍ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്താമെന്നും കേന്ദ്രം അറിയിച്ചു.
ആഘോഷദിനങ്ങളോട് അനുബന്ധിച്ചുള്ള ഒത്തുചേരലുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുക, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്നും സാമ്പിളുകൾ ജനിതക ശ്രേണീകരണ പരിശോധനക്ക് അയക്കുക തുടങ്ങിയ മാർഗനിർദേശങ്ങളും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് വ്യാഴാഴ്ച അവലോകന യോഗം ചേർന്നത്.
മധ്യപ്രദേശിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യം വന്നാൽ നേരിടാനുള്ള സന്നാഹങ്ങൾ വർധിപ്പിക്കുകയും മരുന്ന് സംഭരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 15 ഓക്സിജൻ ടാങ്കറുകൾ ഉടൻ ഡൽഹിയിൽ എത്തിക്കും. പ്രതിദിനം മൂന്ന് ലക്ഷം പരിശോധനകൾ നടത്താനുള്ള സൗകര്യമുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാൽ പ്രതിദിനം ലക്ഷം കേസുകൾ കൈകാര്യം ചെയ്യാൻ ഡൽഹിക്കാകുമെന്നും കെജ്രിവാൾ അറിയിച്ചു.
ഇന്ത്യയിൽ 16 സംസ്ഥാനങ്ങളിലായി 300 ഓളം ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 104 പേർ സുഖം പ്രാപിച്ചു. മഹാരാഷ്ട്രയിൽ 65, ഡൽഹിയിൽ 64, തെലങ്കാന 24, കർണാടക 19, രാജസ്ഥാൻ 21, എന്നിങ്ങനെയാണ് കേസുകൾ സ്ഥിരീകരിച്ചത്. അതിനിടെ, രാജ്യത്ത് 18 വയസ്സിനു മുകളിലുള്ളവരിൽ സമ്പൂർണ വാക്സിനേഷൻ 60 ശതമാനം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കണക്കു കൂട്ടിയതിലും നേരത്തെ ഈ ലക്ഷ്യം പൂർത്തിയാക്കാൻ രാജ്യത്തിന് സാധിച്ചതായും മന്ത്രാലയം വ്യക്തമാക്കി. 7,495 പേർക്കാണ് പുതുതായി കോവിഡ് ബാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.