ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ യാത്ര തിരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് വക്താവ് ജയ്റാം രമേശ്. അമേരിക്കയും പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും ബഹിഷ്കരിച്ചതിനാൽ പ്രധാനമന്ത്രി മോദി ജി20 ഉച്ചകോടിയിൽ ‘സുരക്ഷിതമായി’ പങ്കെടുക്കുന്നുവെന്ന് ജയ്റാം രമേശ് എക്സിൽ കുറിച്ചു.
ഓപറേഷൻ സിന്ദൂരിലെ ഇന്ത്യ-പാക് വെടിനിർത്തലിൽ അവകാശവാദം ഉന്നയിക്കുന്ന ട്രംപുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ച ഒഴിവാക്കാനായി ഒക്ടോബറിൽ ക്വലാലംപൂരിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ നിന്ന് മോദി വിട്ടുനിന്നിരുന്നു. എന്നാൽ, ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കുകയും പിന്നാലെ മോദി പങ്കെടുക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തതാണ് കോൺഗ്രസിന്‍റെ രൂക്ഷ പരിഹാസത്തിന് വഴിവെച്ചത്.
ദക്ഷിണാഫ്രിക്കയിൽ ഇന്നും നാളെയും നടക്കുന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നു. അമേരിക്കയും ട്രംപും ബഹിഷ്കരിച്ചതിനാൽ മോദി സുരക്ഷിതമായും ഭയരഹിതമായും ഉച്ചകോടിയിൽ പങ്കെടുക്കുന്നു. ട്രംപിനെ മുഖാമുഖം കാണാതിരിക്കാനായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ക്വലാലംപൂരിൽ നടന്ന ആസിയാൻ ഉച്ചകോടിക്ക് മോദി പോയില്ല.
'ജി 20 പ്രമേയങ്ങളായ ഐക്യദാർഢ്യം, സമത്വം, സുസ്ഥിരത എന്നിവ അമേരിക്കൻ വിരുദ്ധമാണെന്നും എതിർക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ പ്രസ്താവന അസാധാരണമാണ്. മേയ് 10ന് വൈകിട്ട് 5.37ന് ഓപറേഷൻ സിന്ദൂർ നിർത്തുകയാണെന്ന് ആദ്യം ലോകത്തോട് പ്രഖ്യാപിച്ചതും മാർകോ റൂബിയോയാണ്.
ജി 20 കൂട്ടായ്മയുടെ അധ്യക്ഷ പദവി വർഷം തോറും മാറി വരുന്നു. 2023 നവംബറിൽ ഇന്തോനേഷ്യയിൽ നിന്ന് ഇന്ത്യ ചുമതലയേറ്റു. 2024 നവംബറിൽ ബ്രസീലിന് കൈമാറി. ഇപ്പോൾ ദക്ഷിണാഫ്രിക്ക അമേരിക്കക്ക് കൈമാറും. എന്നാൽ, അത് അവിടെ നടക്കില്ല. ഒരു വർഷം കഴിഞ്ഞുള്ള ജി 20 ഉച്ചകോടി യു.എസിൽ നടക്കും. അപ്പോഴേക്കും അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാര കരാർ നടപ്പിലാകും.
കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ, ട്രംപ് ഓപറേഷൻ സിന്ദൂരിൽ നിർത്തിവെച്ചതായി 61 തവണ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അടുത്ത 12 മാസത്തിനുള്ളിൽ എത്ര തവണ അവകാശവാദം ആവർത്തിക്കുമെന്ന് സങ്കൽപിക്കാവുന്നതാണ്. 'ഉറ്റ സുഹൃത്തുമായുള്ള ആലിംഗനം' പുനരാരംഭിക്കുമോ, അതോ ഹസ്തദാനം മാത്രമായിരിക്കുമോ, മിസ്റ്റർ മോദി പോകില്ലേ, സമയം മാത്രം പറയൂ' -ജയ്റാം രമേശ് വ്യക്തമാക്കി.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കുമെന്ന് പരിഹസിച്ച് കോൺഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഒക്ടോബറിൽ ക്വലാലംപൂരിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ ട്രംപിനെ കാണുന്നത് ഒഴിവാക്കാനാണ് നരേന്ദ്ര മോദി പങ്കെടുക്കാതിരുന്നതെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.
ട്രംപിൽ നിന്ന് അപമാനം നേരിടാനാകാത്തതു കൊണ്ടാണ് മോദി പോകാത്തതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നവംബർ 22, 23 തീയതികളിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ട്രംപ് അറിയിച്ചത്. ‘ജി 20 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിനാൽ, സ്വയം പ്രഖ്യാപിത വിശ്വഗുരു സ്വയം പങ്കെടുക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്ന് ജയ്റാം രമേശ് എക്സിൽ കുറിക്കുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയിൽ ജി-20 ഉച്ചകോടി നടത്തുന്നത് ലജ്ജാവഹമാണെന്നും അവിടത്തെ ന്യൂനപക്ഷ സമൂഹമായ ‘ആഫ്രിക്കനേഴ്സി’നോടുള്ള (നൂറ്റാണ്ടുകൾ മുമ്പ് ദക്ഷിണാഫ്രിക്കയിലെത്തിയ വെള്ളക്കാരുടെ പിന്മുറക്കാർ) മനുഷ്യാവകാശ ലംഘനം തുടരുന്ന കാലത്തോളം ഒരു അമേരിക്കൻ പ്രതിനിധിയും ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്നും ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയത്. ഉച്ചകോടിക്ക് താൻ ഉണ്ടാകില്ലെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പുതന്നെ ട്രംപ് പറഞ്ഞിരുന്നു.
ആഫ്രിക്കനേഴ്സിനെ ദക്ഷിണാഫ്രിക്കയിൽ കൊലപ്പെടുത്തുകയും അവരുടെ ഭൂമി അനധികൃതമായി തട്ടിയെടുക്കുകയും ചെയ്യുന്നതായി സമൂഹ മാധ്യമത്തിൽ പറഞ്ഞ ട്രംപ്, അടുത്തവർഷം മയാമിയിൽ ജി-20 ഉച്ചകോടി നടക്കുമ്പോൾ കാണാമെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.