ന്യൂഡൽഹി: പുതിയ ചീഫ് ഇൻഫർമേഷൻ കമീഷണറെയും(സി.ഐ.സി) കേന്ദ്ര വിജിലൻസ് കമ്മീഷണറെയും(സി.വി.സി) തെരഞ്ഞെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും യോഗം ചേർന്നു. അടച്ചിട്ട മുറിയിലായിരുന്നു യോഗം. യോഗം ഒരുമണിക്കൂറും 25 മിനിറ്റും നീണ്ടുനിന്നു. ചർച്ചകൾക്കിടയിൽ ഈ തസ്തികകളിലേക്കായി കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു പേരുകളോട് രാഹുൽ ഗാന്ധി വിയോജിപ്പ് അറിയിക്കുകയും ചെയ്തു. രേഖാമൂലമാണ് രാഹുൽ വിയോജിപ്പ് അറിയിച്ചത്.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ സെലക്ഷൻ പാനലുകളുടെ ഭാഗമായ രാഹുൽ ഗാന്ധി, സ്വതന്ത്ര സ്ഥാപനങ്ങളെ സ്വാധീനിക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങളെക്കുറിച്ച് പലപ്പോഴും ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ബുധനാഴ്ചത്തെ യോഗത്തിൽ അദ്ദേഹം തന്റെ വിയോജിപ്പ് ആവർത്തിക്കുകയായിരുന്നു.അതേസമയം, ഈ പദവികളിലേക്ക്
ഷോർട്ട്‌ലിസ്റ്റ് ചെയ്തവരെ കുറിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല.
വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട പരാതികളും അപ്പീലുകളും കൈകാര്യം ചെയ്യുന്ന ഏറ്റവും ഉയർന്ന അപ്പീൽ അതോറിറ്റിയാണ് സിഐസി. നിലവിൽ ആനന്ദി രാമലിംഗം, വിനോദ് കുമാർ തിവാരി എന്നീ രണ്ട് വിവരാവകാശ കമ്മീഷണർമാർ മാത്രമേയുള്ളൂ. എട്ട് തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. 30,838 കേസുകൾ ഇപ്പോഴും തീർപ്പുകൽപ്പിച്ചിട്ടുമില്ല.
65 വയസ് തികഞ്ഞതിന് ശേഷം സെപ്റ്റംബർ 13ന് വിരമിച്ച അവസാനത്തെ മുഖ്യ വിവരാവകാശ കമീഷണർ ആയിരുന്നു ഹീരാലാൽ സമരിയ. 2023 നവംബർ ആറിന് അദ്ദേഹം സി.ഐ.സിയിലേക്ക് നിയമിപ്പെട്ടു.
മെയ് 21ന് നൽകിയ പരസ്യത്തിന് മറുപടിയായി മുഖ്യ വിവരാവകാശ കമീഷണർ സ്ഥാനത്തേക്ക് 83 അപേക്ഷകൾ ലഭിച്ചതായി പേഴ്‌സനൽ ആൻഡ് ട്രെയിനിങ് വകുപ്പ് ആക്ടിവിസ്റ്റ് കൊമോഡോർ ലോകേഷ് ബത്രക്ക് (റിട്ടയേർഡ്) നൽകിയ വിവരാവകാശ മറുപടിയിൽ സൂചിപ്പിച്ചിരുന്നു.
സി.ഐ.സിയിലെ ഇൻഫർമേഷൻ കമീഷണർമാരുടെ ഒഴിവുകളിലേക്ക് 161 അപേക്ഷകൾ ലഭിച്ചതായി സർക്കാർ അറിയിച്ചു.
മുഖ്യ വിവരാവകാശ കമീഷണറുടെ നിയമനത്തിനായി താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നതിനായി ഡി.ഒ.പി.ടി പത്രങ്ങളിലും വെബ്‌സൈറ്റ് വഴിയും പരസ്യങ്ങൾ നൽകുന്നു. വകുപ്പ് ഈ പേരുകൾ പട്ടികപ്പെടുത്തി കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സെർച്ച് കമ്മിറ്റിക്ക് അയക്കുന്നു. ഷോർട്ട്‌ലിസ്റ്റ് ചെയ്തവരെ പ്രധാനമന്ത്രിയും മറ്റ് അംഗങ്ങളും നയിക്കുന്ന കമ്മിറ്റിക്ക് അയയ്ക്കും. മുഖ്യ വിവരാവകാശ കമ്മീഷണറെ തിരഞ്ഞെടുത്തുകഴിഞ്ഞാൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിക്കും.
വിവരാവകാശ നിയമത്തിലെ സെക്ഷൻ 12 (3) പ്രകാരം മുഖ്യ വിവരാവകാശ കമീഷണർ, വിവരാവകാശ കമീഷണർ പദവികളിലേക്ക് നിയമിക്കുന്നതിനുള്ള പേരുകൾ തിരഞ്ഞെടുക്കുകയും ശിപാർശ ചെയ്യുകയും ചെയ്യുന്ന പാനലിന്റെ അധ്യക്ഷൻ പ്രധാനമന്ത്രിയാണ്. പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കേന്ദ്ര മന്ത്രിയുമാണ് പാനലിലെ മറ്റ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.