മുഖ്യമന്ത്രിയുടെ സുരക്ഷ: നടപ്പാക്കിയത് ഭരണഘടനാബാധ്യതയെന്ന് മന്ത്രി രമാനാഥ റൈ

മംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന് മംഗളൂരുവില്‍ സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിയതിലൂടെ ഭരണഘടനാപരമായ ബാധ്യത നിറവേറ്റുകയാണ് കര്‍ണാടക സര്‍ക്കാര്‍ ചെയ്തതെന്ന് ദക്ഷിണ കന്നട ജില്ല ചുമതല വഹിക്കുന്ന വനം-പരിസ്ഥിതി മന്ത്രി ബി. രമാനാഥ റൈ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 
ഭരണഘടനാനുസൃതം തെരഞ്ഞെടുക്കപ്പെട്ട് അധികാരമേറ്റ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അദ്ദേഹത്തോട് ജനാധിപത്യമര്യാദയും കാണിക്കേണ്ടതുണ്ട്. 
അതിന് ചിലര്‍ തടസ്സമായി. പിണറായിയുടെ സന്ദര്‍ശനദിവസം ബന്ദാചരിച്ച് ഇരു സംസ്ഥാനങ്ങളും തമ്മില്‍ പുലര്‍ത്തേണ്ട മര്യാദക്ക് കളങ്കംവരുത്തിയ സംഘ്പരിവാറില്‍നിന്ന് ആ ദിവസമുണ്ടായ എല്ലാ നഷ്ടങ്ങളും ഈടാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
ബന്ദ് നടത്തുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. ബന്ദ് ദിനത്തിലുണ്ടായ നഷ്ടങ്ങള്‍ ഈടാക്കാനുള്ള നിര്‍ദേശവും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ്.
ബന്ദ് ദിനത്തില്‍ സ്വകാര്യബസുകള്‍ നിരത്തിലിറക്കാത്തത് യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കി. ഇനിമുതല്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് നടത്തി പ്രശ്നം പരിഹരിക്കും.
 ബന്ദ് കാരണം വിദ്യാര്‍ഥികള്‍ക്ക് പി.യു പരീക്ഷ എഴുതാന്‍ കഴിയാതായ സാഹചര്യം സൃഷ്ടിച്ചത് ആര്‍.ടി.ഒയുടെ വീഴ്ചയാണ്. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവും. 124 പി.യു കോളജുകളില്‍നിന്നായി 17,315 വിദ്യാര്‍ഥികളാണ് ജില്ലയില്‍ പരീക്ഷ എഴുതുന്നത്. ഇതില്‍ 45 പേര്‍ക്ക് മാത്രമാണ് പരീക്ഷ എഴുതാന്‍ കഴിയാതിരുന്നത്.
ഭക്ഷ്യ-പൊതുവിതരണ മന്ത്രി യു.ടി. ഖാദര്‍ ശനിയാഴ്ച നടത്തിയ ‘ചെരിപ്പ്’ പരാമര്‍ശത്തിന് അദ്ദേഹംതന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി റൈ പറഞ്ഞു.

Tags:    
News Summary - pinarayi's security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.