ന്യൂഡൽഹി: പാർലമെന്റ് അതിക്രമ കേസ് പ്രതികളുടെ ഫോണിന്റെ അവശിഷ്ടങ്ങൾ രാജസ്ഥാനിൽ നിന്നും കണ്ടെത്തി. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കേസിലെ എല്ലാ പ്രതികളുടേയും ഫോണുകൾ മുഖ്യസൂത്രധാരൻ ലളിത് മോഹൻ ഝായാണ് കൊണ്ടു പോയിരുന്നത്.
കത്തിക്കരിഞ്ഞ നിലയിലാണ് രാജസ്ഥാനിൽ നിന്നും ഫോണുകൾ ഇപ്പോൾ കണ്ടെടുത്തിരിക്കുന്നത്. ഡൽഹിയിലേക്ക് എത്തുന്നതിന് മുമ്പ് അഞ്ച് ഫോണുകളും ലളിത് ഝാ നശിപ്പിച്ചുവെന്നാണ് പൊലീസ് അറിയിക്കുന്നത്. അന്വേഷണം വഴിമുട്ടിക്കാനും സംഘത്തെ തെറ്റിദ്ധരിപ്പിക്കാനും നിരന്തരമായി ലളിത് ശ്രമിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ലളിത് കേസിലെ മറ്റ് നാല് പ്രതികളുടെ ഫോണുകളാണ് ആദ്യം നശിപ്പിച്ചത്. തുടർന്ന് രാജസ്ഥാനിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പായി സ്വന്തം ഫോണും നശിപ്പിച്ചു. ലളിതിന്റേയും മറ്റ് നാല് പേരുടേയും ഫോണുകളെ സംബന്ധിക്കുന്ന വിവരങ്ങൾ മൊബൈൽ കമ്പനികളിൽ നിന്നും തേടിയിട്ടുണ്ട്.
പാർലമെന്റിൽ അതിക്രമം നടത്തിയതിന് അറസ്റ്റിലായ പ്രതികൾ സ്വയം തീക്കൊളുത്താനും ലഘുലേഖകൾ വിതരണം ചെയ്യാനും പദ്ധതിയിട്ടിരുന്നതായി പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്മോക്ക് സ്പ്രേകളുമായി പാർലമെന്റിൽ എത്തുന്നതിന് മുമ്പായിരുന്നു ഇതിന് തീരുമാനിച്ചതെന്നും ഡൽഹി പൊലീസ് അറിയിച്ചു. എന്നാൽ ദേഹത്ത് പുരട്ടാനുള്ള ക്രീം കിട്ടാത്തതിനാൽ തീക്കൊളുത്താനുള്ള പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അക്രമികളിൽ രണ്ടുപേർക്ക് സന്ദർശക പാസ് നൽകിയ ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ മൊഴി രേഖപ്പെടുത്താനും പൊലീസിന് നീക്കമുണ്ട്.
സംഭവത്തിൽ സാഗർ ശർമ, മനോരഞ്ജൻ ഡി. അമോൽ ഷിൻഡെ, നീലം ദേവി, ലളിത് മോഹൻ ഝാ എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഏഴ് സ്മോക്ക് സ്പ്രേകളുമായാണ് എത്തിയതെന്നും പൊലീസ് പറഞ്ഞു. സന്ദർശക ഗാലറിയിലിരുന്ന സാഗർ ശർമയും മനോരഞ്ജനും ലോക്സഭയുടെ ചേംബറിലേക്ക് ചാടുകയായിരുന്നു. ഇവർ മഞ്ഞനിറത്തിലുള്ള ദ്രാവകം സ്പ്രേ ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.