വിവാഹം കഴിച്ചില്ലെങ്കിൽ ജീവനൊടുക്കും; സഹപ്രവർത്തകനെ വിഡിയോകോൾ ചെയ്തതിന് പിന്നാലെ ടെക്കി യുവതി മരിച്ചനിലയിൽ
ഹൈദരാബാദ്: സഹപ്രവർത്തകനെ വിഡിയോകോൾ ചെയ്തതിന് പിന്നാലെ ടെക്കി യുവതി ജീവനൊടുക്കി. ഹൈദരാബാദിലെ സ്വകാര്യ സോഫ്റ്റ് വെയർ കമ്പനിയിൽ സീനിയർ അസോസിയേറ്റായ ഉത്തർപ്രദേശ് സ്വദേശിനി അർച്ചന ചൗധരി മാലിക് ആണ് (29) ജീവനൊടുക്കിയത്. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം.
സഹപ്രവർത്തകനായ യുവാവിനെ വിഡിയോകോൾ ചെയ്ത യുവതി, ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നതായി പൊലീസ് പറഞ്ഞു. തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയാണ് പുലർച്ചെ 2.30തോടെ യുവതി സഹപ്രവർത്തകനെ വിളിച്ചത്. കൈയിൽ ഒരു ഷാളും പിടിച്ചാണ് യുവതി വിഡിയോകോളിൽ സംസാരിച്ചത്. ഈ സമയം സഹപ്രവർത്തകൻ അമ്മക്കൊപ്പം പുറത്തായിരുന്നു. പിന്നീട് ഇയാൾ യുവതിയെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് പുലർച്ചെ 5.30തോടെ യുവതിയുടെ ഫ്ലാറ്റിലെത്തുകയായിരുന്നു. ഏറെനേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല. ഇതോടെ യുവാവ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി വാതിൽ തകർത്ത് അകത്ത് കടന്നതോടെയാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
അർച്ചന ചൗധരിയും സഹപ്രവർത്തകനായ ഉത്തരാഖണ്ഡ് സ്വദേശിയും തമ്മിൽ നാലുവർഷമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, വിവാഹിതനായ യുവാവിന്റെ വിവാഹമോചന നടപടികൾ നടന്നുവരികയായിരുന്നു. ഇതിനിടെ എത്രയും പെട്ടെന്ന് തന്നെ വിവാഹം കഴിക്കാൻ യുവതി സമ്മർദം ചെലുത്തിയിരുന്നതായും പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഒസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.