മഹാരാഷ്ട്ര എസ്.ഐ.ആറിൽ കേന്ദ്രത്തിനും കമീഷനും നോട്ടീസ്
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കാമെന്ന് സുപ്രീംകോടതി. ചാർട്ടേർഡ് അക്കൗണ്ടന്റും മാധ്യമപ്രവർത്തകനുമായ അരുൺ ആനന്ദഗിരി ഫയൽ ചെയ്ത ഹരജിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തും, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരും അടങ്ങുന്ന ബെഞ്ച് കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമീഷനും നോട്ടീസയച്ചു. മുംബൈയിലും പുണെയിലും ചില വികസന പ്രവർത്തനങ്ങൾ നടന്ന സമയത്ത് തൽക്കാലത്തേക്ക് മറ്റൊരിടത്തേക്ക് മാറി താമസിച്ച വോട്ടർമാരെയും സ്ഥലത്തില്ല എന്ന കാരണം പറഞ്ഞ് വെട്ടിമാറ്റിയെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ ബോധിപ്പിച്ചു. മഹാരാഷ്ട്രയിൽ ആകെയുള്ള 97.9 ദശലക്ഷം വോട്ടർമാരിൽ 20 ദശലക്ഷത്തിലേറെ പേരെയാണ് കരട് പട്ടികയിൽ നിന്ന് വെട്ടിമാറ്റിയത്. പൊരുത്തക്കേടുകൾ ഉണ്ടെന്ന കാരണം പറഞ്ഞ് 12.2 ദശലക്ഷം പേരെയും ഒഴിവാക്കി.
പരമോന്നത കോടതി പ്രസ്താവിക്കുന്നതുവരെ സംസ്ഥാനത്തെ എസ്.ഐ.ആർ പ്രക്രിയ നിർത്തിവെക്കണമെന്നും, എസ്.ഐ.ആറിന് മുമ്പുള്ള പട്ടികയിൽ പേരുള്ള ആരെയും ഒഴിവാക്കാനോ വെട്ടിമാറ്റാനോ പാടില്ലെന്നുമാണ് ഹരജിയിലെ ആവശ്യം. കോടതി ഈ വിഷയം നവംബർ അഞ്ചിന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.