വിനയ് അഗർവാളിനുണ്ട്, ഒന്നല്ല 101 സഹോദരിമാർ...
ഷാജഹാന്ദ്പൂർ: തനിക്ക് സഹോദരിയില്ലാത്തതിന്റെ വിഷമം നൂറിലധികം പെൺകുട്ടികളുടെ സഹോദരനായി മാറി കണ്ണീരൊപ്പി മായ്ച്ചു കളഞ്ഞിരിക്കുകയാണ് ഉത്തർപ്രദേശിലെ ഷാജഹാന്ദ്പൂർ സ്വദേശി വിനയ് അഗർവാൾ. സ്നേഹത്തിനും കരുതലിനും അതിരുകളോ ജാതി-മത ഭേദങ്ങളോ ഇല്ലെന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് ഷാജഹാന്ദ്പൂരിലെ ആ വിവാഹപ്പന്തൽ. മനസ്സിൽ തട്ടുന്ന നൂറുകണക്കിന് പുഞ്ചിരികൾക്ക് നടുവിൽ, കൺനിറയെ പ്രാർഥനകളോടെ 101 ദമ്പതികൾ അവിടെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ചു കയറി.
ജാതിമത ഭേദമന്യേ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 101 കുടുംബങ്ങളുടെ വിവാഹച്ചടങ്ങുകളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഷാജഹാന്ദ്പൂരിലെ ഖിർനി ബാഗിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ 93 ഹിന്ദു ദമ്പതികൾ വേദാചാരപ്രകാരവും എട്ട് മുസ്ലിം ദമ്പതികൾ ഇസ്ലാം മത പ്രകാരവും വിവാഹിതരായി. ദമ്പതികൾക്ക് സമ്മാനമായി ടെലിവിഷൻ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, കട്ടിൽ, അലമാര തുടങ്ങിയവയും നൽകി.
തനിക്ക് സഹോദരി ഇല്ലാത്തതിന്റെ വിഷമമാണ് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളിലെ പെൺമക്കളുടെ വിവാഹം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചതെന്ന് നംകിൻ വ്യാപാരിയായ വിനയ് അഗർവാൾ പറഞ്ഞു. 2018ൽ മറ്റുള്ളവരുടെ വിവാഹങ്ങൾക്ക് സഹായം നൽകി തുടങ്ങിയ ഈ മാതൃകാപരമായ പ്രവർത്തനം, അമ്മ സരോജ് അഗർവാളിന്റെ ഉപദേശപ്രകാരമാണ് വിപുലീകരിച്ചത്.
2023ൽ 11 പെൺകുട്ടികളുടെ വിവാഹം നടത്തിയ അദ്ദേഹം, അടുത്ത വർഷം 21 ആയും പിന്നീട് 51 ആയും ഉയർത്തി. അന്തരിച്ച പിതാവ് അശോക് അഗർവാളിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് എല്ലാ വർഷവും ചടങ്ങ് സംഘടിപ്പിക്കുന്നത്. ഈ വർഷം 101ൽ എത്തിയതിൽ സന്തോഷമുണ്ടെന്നും വരും വർഷങ്ങളിലും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാര്യ ശ്വേത, സഹോദരൻ കുനാൽ, സഹോദരഭാര്യ നേഹ എന്നിവരും പിന്തുണയുമായുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.