തമിഴ്നാട്ടിൽ 17 വിചാരണ തടവുകാർ ജയിൽ ചാടി; നാലുപേർ പിടിയിൽ; കേരളത്തിലടക്കം പരിശോധന

ചെന്നൈ: തമിഴ്നാട്ടിലെ തേനി ആണ്ടിപെട്ടി സബ്‌ജയിലിൽനിന്നു 17 വിചാരണ തടവുകാർ രക്ഷപ്പെട്ടു. സുരക്ഷക്കുണ്ടായിരുന്ന ജീവനക്കാരെ ആക്രമിച്ചാണ് തടവുകാർ കൂട്ടത്തോടെ ജയിൽ ചാടിയത്.

രക്ഷപ്പെട്ടവരിൽ നാലു പ്രതികളെ പൊലീസ് പിന്നീട് പിടികൂടി. ബാക്കിയുള്ളവരെ പിടികൂടുന്നതിനായി 17 പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് രൂപംനൽകി. കേരള-തമിഴ്നാട് അതിർത്തിലെ ചെക്ക് പോസ്‌റ്റുകളിലും സമീപ ജില്ലകളിലും പരിശോധന കർശനമാക്കി. രക്ഷപെട്ടവർ ഇടുക്കി വഴി കേരളത്തിലേക്ക് കടക്കാനുള്ള സാധ്യതയുള്ളതിനാലാണിത്. വില്ലുപുരം ജില്ലയിൽ നിന്നുള്ളവരാണ് ജയിൽ ചാടിയവരിൽ ഏറെയുമെന്നാണ് സൂചന. രക്ഷപ്പെട്ട തടവുകാരിൽ ഒരാളെ തിരച്ചിലിനൊടുവിൽ അറസ്റ്റ് ചെയ്തതായി സൗത്ത് സോൺ പൊലീസ് ഇൻസ്‌പെക്ടർ ജനറൽ വിജയേന്ദ്ര ബിദാരി അറിയിച്ചു.

രക്ഷപ്പെട്ട 17 പ്രതികളും ഒരേ സെല്ലിലാണ് കഴിഞ്ഞിരുന്നത്. തടവുകാരിൽ ഒരാൾക്ക് സുഖമില്ലെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സെല്ലിലേക്ക് എത്തിയ ജയിൽ ജീവനക്കാരെ പ്രതികൾ ആക്രമിച്ചശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ തങ്കപാണ്ടിക്ക് തലക്ക് പരിക്കേറ്റു. പൊലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റ് രണ്ട് പൊലീസുകാർക്കും നിസ്സാര പരിക്കേറ്റു. രക്ഷപ്പെട്ട പ്രതികളെ തിരിച്ചറിയുന്നതിനായി അവരുടെ ചിത്രങ്ങൾ സമീപ സ്റ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ട്. വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട്.

Tags:    
News Summary - Tamil Nadu: 17 inmates escape from Theni sub-jail; police nabs one

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.