പ്രധാനമന്ത്രി നരേന്ദ്ര മോദി

പെട്രോളും ഡീസലും കരുതലോടെ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിൽ നിർദേശവുമായി പ്രധാനമന്ത്രി

ഹൈദരാബാദ്: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് രാജ്യം കടുത്ത ഊർജപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, പെട്രോളിയം ഉൽപന്നങ്ങളുടെ ഉപയോഗത്തിൽ ജനങ്ങൾ മിതത്വം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിൽ 9,400 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ ഈ ആഹ്വാനം. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ആഗോള എണ്ണക്കടത്തിന്റെ പ്രധാന കവാടമായ ഹുർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ ഉപരോധമാണ് ഇന്ത്യയെ പ്രതിസന്ധിയിലാക്കിയത്. ഇന്ധനത്തിനായി ഇറക്കുമതിയെ പ്രധാനമായും ആശ്രയിക്കുന്ന ഇന്ത്യയിൽ ഇത് വലിയ ഊർജക്ഷാമത്തിന് വഴിവെച്ചിരിക്കുകയാണ്. വിദേശനാണ്യം ലാഭിക്കാനും യുദ്ധത്തിന്റെ ആഘാതം കുറക്കാനും ഇന്ധന ഉപയോഗം നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തെലങ്കാനയിലെ മഹബൂബ് നഗറിൽ നടന്ന ചടങ്ങിൽ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഹൈദരാബാദ്-പനാജി സാമ്പത്തിക ഇടനാഴിയുടെ ഭാഗമായുള്ള ദേശീയപാത വികസനം, ഹൈദരാബാദിലെ പുതിയ പെട്രോളിയം ടെർമിനൽ, കാസിപ്പേട്ട്-വിജയവാഡ റെയിൽവേ മൾട്ടി ട്രാക്കിങ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തെ ആദ്യത്തെ പൂർണ സജ്ജമായ പി.എം മിത്ര പാർക്ക് വാരങ്കലിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു. 1,700 കോടി രൂപ ചെലവഴിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്.

ഇറക്കുമതി ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറക്കാൻ സൗരോർജം, എഥനോൾ മിശ്രിതം എന്നിവക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് മോദി വ്യക്തമാക്കി. എല്ലാ വീടുകളിലും എൽ.പി.ജി എത്തിക്കുന്നതിനൊപ്പം കുറഞ്ഞ നിരക്കിലുള്ള പൈപ്പ്ഡ് ഗ്യാസ് (പി.എൻ.ജി) വിതരണവും സി.എൻ.ജി അധിഷ്ഠിത സംവിധാനങ്ങളും വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Tags:    
News Summary - Petrol and diesel should be sold with caution; PM issues advice amid West Asian crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.