താനും മാതാവ് മെഹബൂബ മുഫ്തിയും വീട്ടുതടങ്കലിലെന്ന് പി.ഡി.പിയുടെ ഇൽതിജ മുഫ്തി

ശ്രീനഗർ: തന്നെയും മാതാവിനെയും വീട്ടു തങ്കലിൽ അടച്ചതായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) നേതാവുമായ ഇൽതിജ മുഫ്തി.
വടക്കൻ കശ്മീരിലെ സോപോറിലേക്കും ജമ്മു മേഖലയിലെ കത്വയിലേക്കും യാത്ര ചെയ്യുന്നത് തടയാൻ തങ്ങളുടെ വസതിയുടെ ഗേറ്റുകൾ പൂട്ടിയിരിക്കുകയാണെന്ന് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ൽ പങ്കിട്ട പോസ്റ്റിൽ ഇൽതിജ ആരോപിച്ചു. ‘മാതാവിനെയും എന്നെയും വീട്ടുതടങ്കലിലാക്കി. സൈന്യത്തിന്റെ വെടിയേറ്റ് വസീം മിർ എന്നയാൾ മരിച്ച സോപൂർ സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്നതിനാൽ ഞങ്ങളുടെ ഗേറ്റുകൾ പൂട്ടിയിരിക്കുകയാണ്. മഖാൻ ദിനിന്റെ കുടുംബത്തെ കാണാൻ ഞാൻ ഇന്ന് കത്വ സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്നു. എ​ന്നെ പുറത്തിറങ്ങാൻ പോലും അനുവദിക്കുന്നില്ല’ -ഇൽതിജ ‘എക്‌സി’ൽ പങ്കുവെച്ചു.

തെരഞ്ഞെടുപ്പിനു ശേഷവും കശ്മീരിലെ സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുകയാണെന്നും ദുഃഖിതരായ കുടുംബങ്ങളെ ആശ്വസിപ്പിക്കുന്ന നടപടിയെ സർക്കാർ ക്രിമിനൽ കുറ്റമാക്കുന്നതായും അവർ വിമർശിച്ചു. താഴ്വരയിൽ ജനരോഷത്തിന് ഇടയാക്കിയ രണ്ട് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോപണം.

ബുധനാഴ്ച സോപോറിലെ ചെക്ക് പോയന്റ് കടന്നെന്ന് ആരോപിച്ച് ട്രക്ക് ഡ്രൈവറെ സൈന്യം കൊലപ്പെടുത്തിയിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ കുടുംബവും രാഷ്ട്രീയ നേതാക്കളും ഔദ്യോഗിക വിശദീകരണത്തെ ചോദ്യം ചെയ്തു.
അതേദിവസം തന്നെ 26 കാരനായ ഗുജ്ജാർ യുവാവായ മഖൻ ദിൻ കത്വ ജില്ലയിൽ ആത്മഹത്യ ചെയ്തു. പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെട്ട് മണിക്കൂറുകൾക്കുശേഷമായിരുന്നു സംഭവം. മരിക്കുന്നതിനു മുമ്പ് ജമ്മു കശ്മീർ പൊലീസിന്റെ ചോദ്യം ചെയ്യലിൽ തനിക്ക് നേരിടേണ്ടി വന്ന പീഡനം വിശദമാക്കുന്ന ലഘു വിഡിയോ പ്രദേശത്തെ ഒരു പള്ളിക്കുള്ളിൽവെച്ച് മഖൻ ദിൻ റെക്കോർഡ് ചെയ്തിരുന്നു.

ഇവിടം സന്ദർശിക്കുന്നതിനായി ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് വിമാനം കയറാനും തുടർന്ന് കത്വ സന്ദർശിക്കാനും താൻ പദ്ധതിയിട്ടിരുന്നതായി ഇൽതിജ പറഞ്ഞു. എന്നാൽ, ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള ഖിംബറിലുള്ള തന്റെ വീട്ടിൽനിന്ന് പുറത്തിറങ്ങുന്നത് വിലക്കിയതായി അവർ പറഞ്ഞു.
2019 ആഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പി.ഡി.പി, ജമ്മു കശ്മീർ ഭരണകൂടത്തിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു.

Tags:    
News Summary - PDP's Iltija Mufti claims she, mother Mehbooba Mufti placed under house arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.