വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ അമേരിക്കൻ മുങ്ങിക്കപ്പൽ ഇറാന്‍റെ കപ്പൽ മുക്കിയ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിശദമാക്കി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യൻ മഹാസമുദ്രത്തിൽ വിദേശ സൈനിക സാന്നിധ്യം ദീർഘനാളായി ഉണ്ടെന്ന വസ്തുത വിസ്മരിക്കരുതെന്ന് ഓർമിപ്പിച്ചാണ് വിമർശനങ്ങൾക്കിടയിൽ വിശദീകരണവുമായി രംഗത്തുവന്നത്. ന്യൂഡൽഹിയിൽ റെയ്‌സീന ഡയലോഗ് 2026ൽ സംസാരിക്കുകയായിരുന്നു ജയശങ്കർ. സമൂഹ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ടെന്നും, ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ യാഥാർഥ്യം മനസ്സിലാക്കി വേണം ചർച്ചയെന്നും ജയശങ്കർ അഭ്യർഥിച്ചു.
മൂന്ന് ഇറാനിയൻ കപ്പലുകളാണ് ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായിരുന്നത്. മാർച്ച് ആദ്യത്തെ ആഴ്ച അമേരിക്കയും ഇസ്രായേലും ഇറാനു മേൽ ആക്രമണം ആരംഭിച്ചതോടെയാണ് ഇറാന്‍റെ പ്രതിസന്ധി നേരിട്ടത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്‍റർനാഷനൽ ഫ്ലീറ്റ് റിവ്യൂവിൽ പങ്കെടുത്ത അവ വിശാഖപട്ടണത്ത് ഇന്ത്യൻ നാവികസേന സംഘടിപ്പിച്ച മിലാൻ 2026 എന്ന നാവികാഭ്യാസത്തിലും പങ്കെടുത്താണ് മടങ്ങിയത്.
അതിലൊരു കപ്പലിന് നങ്കൂരമിടാൻ അനുമതി നൽകി. ഇന്ത്യൻ മഹാസമുദ്രത്തിലൂടെ നീങ്ങുന്ന ഒരു കപ്പലിന് പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും നമ്മുടെ തുറമുഖത്തേക്ക് വരാൻ ആഗ്രഹിക്കുന്നുവെന്നുമാണ് ഇറാന്‍റെ ഭാഗത്തുനിന്ന് സന്ദേശം ലഭിച്ചത്. മാർച്ച് ഒന്നിന് നമ്മൾ അനുമതി നൽകി. ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അവർ കൊച്ചിയിലെത്തിയത്. കപ്പൽ ഇവിടെനിന്ന് അങ്ങോട്ട് പോയപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശാഖപട്ടണത്തെ നാവിക അഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങിയ ഐ.ആർ.എസ് ദേനയാണ് അമേരിക്കൻ ആക്രമണത്തിൽ മുങ്ങിയത്. ശ്രീലങ്കൻ നാവികസേനയാണ് അതിലെ 87 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. 32 പേരെ രക്ഷപ്പെടുത്തി ചികിത്സ നൽകിയെന്നും അദ്ദേഹം അറിയിച്ചു. മറ്റൊരു ഇറാനിയൻ കപ്പലിന് ശ്രീലങ്ക സഹായം നൽകുകയും അവരുടെ തീരത്ത് നങ്കൂരമിടാൻ അനുമതി നൽകുകയും ചെയ്തു. കൊച്ചിയിലേക്ക് വരാൻ കപ്പലിന് അനുമതി നൽകിയത് മാനുഷിക പരിഗണന മുൻനിർത്തിയാണ്. നിയമപരമായി ശരിയായതാണ് നമ്മൾ ചെയ്തതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.