ഡി. രാജ
സി.പി.ഐ ദേശീയ നേതൃത്വം കൈയൊഴിഞ്ഞു; പ്രതിപക്ഷ ഉപനേതൃപദവിയിൽ തീരുമാനം സംസ്ഥാന ഘടകത്തിന് വിട്ട് ഡി. രാജ
ന്യൂഡല്‍ഹി: കേരളത്തിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട വിഷയം സി.പി.ഐ ദേശീയ കൗണ്‍സില്‍ യോഗത്തിൽ ചർച്ചയായില്ലെന്ന് ജനറൽ സെക്രട്ടറി ഡി. രാജ. വിഷയത്തില്‍ കേരള നേതൃത്വം ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇരു പാർട്ടികളുടെയും സംസ്ഥാന നേതൃത്വത്തിന് വിഷയം ചർച്ച ചെയ്ത് പരിഹരിക്കാൻ പ്രാപ്തിയുണ്ടെന്നും വ്യക്തമാക്കി.
കേന്ദ്രസർക്കാറിനെതിരെയും ഡൽഹിയിലെ മാധ്യമപ്രവർത്തകർക്കെതിരായ പൊലീസ് നടപടിക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ച രാജ, വനിതാ മാധ്യമപ്രവർത്തകരെ ഉൾപ്പെടെ പൊലീസ് മർദിച്ചതിനെ വിമർശിച്ചു. വനിതാ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ പൊലീസിന് എങ്ങനെ കഴിഞ്ഞുവെന്നും ചോദിച്ചു.
‘മാറ്റം അനിവാര്യം’ എന്ന മുദ്രാവാക്യവുമായി സി.പി.ഐയുടെ നേതൃത്വത്തില്‍ റാംലീല മൈതാനിയിൽ നടന്ന ബഹുജനറാലി വന്‍വിജയമായെന്ന് രാജ പറഞ്ഞു. രാജ്യത്ത് ഏറ്റവും സാധാരണക്കാരായ ആളുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്തു തുടങ്ങി.
മോദി സര്‍ക്കാറിനെതിരെ പ്രചാരണം കൂടുതല്‍ ശക്തമാക്കാൻ പാർട്ടി പുതിയ കർമപദ്ധതികള്‍ ആവിഷ്‌കരിക്കും. ആർ.എസ്.എസ് -ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെയും സാമൂഹിക വിഭജനത്തിന്റെയും പശ്ചാത്തലത്തില്‍, ഇന്ത്യയുടെ സാമൂഹിക കെട്ടുറപ്പ് സംരക്ഷിക്കുന്നതിനും മതസൗഹാർദം ശക്തിപ്പെടുത്തുന്നതിനുമായി ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് രാജ്യത്തുടനീളം സി.പി.ഐ മതസൗഹാർദ ദിനമായി ആചരിക്കും.
രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ വെല്ലുവിളികള്‍ കണക്കിലെടുത്ത് ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ തീയതികളില്‍ സി.പി.ഐ രാജ്യവ്യാപകമായി ജയില്‍ നിറക്കല്‍ സമരം സംഘടിപ്പിക്കുമെന്നും രാജ അറിയിച്ചു.
ഉപനേതൃപദവി സംബന്ധിച്ച് സി.പി.ഐ -സി.പി.എം നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതും പരിധിവിട്ടതും പാർട്ടി മുഖപത്രങ്ങൾ വഴി കൊമ്പുകോർത്തതും മുന്നണിയിടെ പ്രതിഛായയെ ബാധിച്ചെന്നാണ് ദേശീയ നേതൃത്വങ്ങളുടെ വിലയിരുത്തൽ. കനത്ത പരാജയത്തിന്റെ പ്രഹരത്തിൽനിന്ന് കരകയറാനും ജനവിശ്വാസം തിരികെ പിടിക്കാനും ചടുലമായി ഇടപെടേണ്ട ഘട്ടമാണിതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.