കത്തുന്ന ചിതയിൽ നിന്ന് മാംസം ഭക്ഷിച്ച സന്ന്യാസിനി അറസ്റ്റിൽ
ഉജ്ജയ്ൻ: കത്തുന്ന ചിതയിൽനിന്ന് വാൾ കൊണ്ട് മൃതദേഹ ഭാഗങ്ങൾ കുത്തിയെടുത്ത് ഭക്ഷിച്ച അഘോരി സന്ന്യാസിനി അറസ്റ്റിൽ. മധ്യപ്രദേശിലെ ഉജ്ജയ്നിലാണ് സംഭവം. ലേഡി അഘോരി എന്ന് സ്വയം വിളിക്കുന്ന സന്ന്യാസിനി കാളി നന്ദ് ഗിരിയെയാണ് ഉജ്ജയ്ൻ പൊലീസ് അറസ്റ്റ് ചെയ്തത്.
മൃതദേഹഭാഗങ്ങൾ കുത്തിയെടുത്ത് ഭക്ഷിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇവർ തന്നെ പകർത്തിയതാണെന്ന് സംശയിക്കുന്നു. ചിതയിൽ നിന്ന് ഇവർ മാംസം കഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്.
കിന്നർ അഖാഡയെന്ന സംഘടനയുടെ പ്രതിനിധി വിഷ്ണുനാഥ് മഹാരാജ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ശ്മശാനത്തിലേക്ക് അതിക്രമിച്ച് കടക്കൽ, സംസ്‌കാരച്ചടങ്ങുകൾ അലങ്കോലപ്പെടുത്തൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ ബി.എൻ.എസ് വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസെടുത്തു. കോടതി പ്രതിയെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അല്ലൂരി ശ്രീനിവാസ് എന്ന പേരുള്ള പുരുഷനായിരുന്ന കാളി നന്ദ് ഗിരി പിന്നീട് ട്രാൻസ്‌ജെൻഡറായി മാറിയെന്നാണ് പറയപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ ‘ലേഡി അഘോരി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവർക്ക് വലിയ രീതിയിലുള്ള ഫോളോവേഴ്സ് ഉണ്ട്. ഇവരുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.
സംഭവം വൻ വിവാദമായതോടെ സന്യാസിമാർ അടക്കമുള്ളവർ വിമർശനവുമായി രംഗത്തെത്തി. ഇത്തരം പ്രവൃത്തികൾ പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ലെന്ന് ജൂന അഖാഡയിലെ മഹാമണ്ഡലേശ്വർ ശൈലേശാനന്ദ ഗിരി പറഞ്ഞു. അഘോരിമാർ തങ്ങളുടെ ആചാരങ്ങൾ രഹസ്യമായാണ് അനുഷ്ഠിക്കേണ്ടതെന്നും വ്യക്തമാക്കി.
മനുഷ്യമാംസം കഴിക്കുന്നതും അത് പരസ്യമായി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നതും സന്ന്യാസ സമൂഹത്തിന് അപമാനമാണെന്നും അത്തരക്കാർ രക്തദാഹികളെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യപ്രദേശിലെ പ്രമുഖ അഘോരി സംഘടനയായാണ് ജുനാ അഖാഡ അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.