മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെ തമിഴ്നാട്ടിൽ അഞ്ചുദിവസത്തെ സംസ്ഥാനവ്യാപക സമരം
ചെന്നൈ: കാവേരി നദിക്കു കുറുകെ കർണാടകയുടെ മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെ സെപ്റ്റംബർ 20 മുതൽ അഞ്ചുദിവസത്തെ സംസ്ഥാനവ്യാപക സമരം സംഘടിപ്പിക്കുമെന്ന് തമിഴ്നാട്ടിലെ കർഷക സംഘടനകൾ പ്രഖ്യാപിച്ചു. പൂമ്പുഹാറിൽ നിന്ന് ആരംഭിക്കുന്ന സമരത്തിന് ശേഷം ആവശ്യമായാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് വിഷയം ഉന്നയിക്കുമെന്നും നേതാക്കൾ അറിയിച്ചു.
കേന്ദ്ര വൈദ്യുതി മന്ത്രി മനോഹർ ലാൽ ഖട്ടറുമായി ഗുരുഗ്രാമിൽ നടന്ന ചർച്ചക്ക് ശേഷമാണ് സമര പ്രഖ്യാപനം. കർണാടക രാഷ്ട്രീയ നേട്ടങ്ങൾ ലക്ഷ്യമിട്ടാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് കർഷക സംഘടനാ നേതാവ് പി.ആർ. പാണ്ഡ്യൻ ആരോപിച്ചു. തമിഴ്നാട്, പുതുച്ചേരി, കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി എന്നിവയുടെ അനുമതിയില്ലാതെ കേന്ദ്ര ജല കമ്മീഷന് സമർപ്പിച്ച വിശദമായ പദ്ധതി റിപ്പോർട്ട് (DPR) നിയമപരമായി അസാധുവാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി നടപ്പായാൽ തമിഴ്നാട്ടിലെയും കർണാടകയിലെയും കർഷകർക്ക് ദോഷകരമായി ബാധിക്കുമെന്നും പദ്ധതിക്ക് പരിസ്ഥിതി, വനാനുമതികൾ നൽകരുതെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കുടിവെള്ളത്തിനായി വെള്ളം സംഭരിക്കാനെന്ന പേരിൽ മേകേദാട്ടുവിൽ അണക്കെട്ട് നിർമ്മിക്കുന്നത് കാർഷിക മേഖലയെ ബാധിക്കുമെന്നും പാണ്ഡ്യൻ ചൂണ്ടിക്കാട്ടി. ഇതിന് പകരമായി തമിഴ്നാട്ടിലെ റാസിമണൽ പ്രദേശത്ത് അണക്കെട്ട് നിർമ്മിക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചു.
ഖട്ടറുമായുള്ള കൂടിക്കാഴ്ചയിൽ നിയമപരമായ കുറഞ്ഞ താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമനിർമാണം, എം.എസ്. സ്വാമിനാഥൻ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കൽ, സ്മാർട്ട് മീറ്റർ നിർബന്ധമാക്കൽ അവസാനിപ്പിക്കൽ, ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ നിയമം റദ്ദാക്കൽ, ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ ഭേദഗതി തുടങ്ങിയ ആവശ്യങ്ങളും കർഷക പ്രതിനിധികൾ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.