ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിച്ചു; രോഗിക്ക് ദാരുണാന്ത്യം
മയൂർഭഞ്ച്: ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ രോഗി വെന്തുമരിച്ചു. ഒഡിഷയിലെ മയൂർഭഞ്ച് ഉദല കോളേജിന് സമീപമാണ് ദാരുണ സംഭവം. സുയോഷ് ബാരിക് എന്ന യുവാവാണ് മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാഹനം പൂർണമായും കത്തിനശിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഗുരുതരാവസ്ഥയിലായ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിൽ ആംബുലൻസിൽ ഘടിപ്പിച്ചിരുന്ന ഓക്സിജൻ സിലിണ്ടർ ഓൺ ചെയ്ത ഉടൻതന്നെ വൻശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ആംബുലൻസിന് തീപിടിക്കുകയും, വാഹനത്തിന്റെ മുകൾഭാഗം തകർന്നുവീണ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉടൻതന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു.
ഉദല മെഡിക്കല്‍ കോളജില്‍നിന്നും ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയായ സുയോഷിനെ കൊണ്ടുപോകുന്നതിനാണ് ആംബുലൻസ് എത്തിച്ചത്. അകത്ത് കിടത്തിയ ശേഷം രോഗിക്ക് ഓക്സിജന്‍ നല്‍കുന്നതിനായി സിലിണ്ടർ വാല്‍വ് തുറന്നപ്പോഴാണ് ചോര്‍ച്ചയുണ്ടായത്.
ഉഗ്ര സ്ഫോടനമാണ് ഉണ്ടായതെന്നും ആംബുലന്‍സിന്‍റെ ഒരു ഭാഗം 40 അടിയോളം ദൂരേക്ക് തെറിച്ചുപോയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ആംബുലന്‍സിനുള്ളിലെ ബെഡില്‍ ബെല്‍റ്റിട്ടിരുന്നതിനാല്‍, തീപിടിത്തമുണ്ടായ സമയത്ത് രോഗി കുടുങ്ങിപ്പോയതാണ് മരണത്തിന് കാരണമായത്.സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.