പാസ്വാന്‍: ദേശീയ രാഷ്ട്രീയത്തിലെ ദലിത് 'വിലാസ് '

അരനൂറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയ ജീവിതം. ഇന്ത്യയിലെ എണ്ണപ്പെട്ട ദലിത് നേതാക്കളിൽ മുൻനിര സ്ഥാനവും. ദേശീയ രാഷ്ട്രീയത്തിലെ ദലിത് വിലാസമായിരുന്നു രാം വിലാസ് പാസ്വാൻ്റേത്. കളം അറിഞ്ഞ് കളിക്കാനറിയുന്ന രാഷ്ട്രീയക്കാരനെന്ന വിലാസവും അദ്ദേഹം സ്വന്തമാക്കി.

ഏതുസഖ്യത്തിനൊപ്പം നിൽക്കണം എന്ന കാര്യത്തിൽ കൃത്യമായ തീരുമാനമെടുക്കാൻ പാസ്വാനെ കഴിഞ്ഞേ ഇന്ത്യൻ രാഷ്ട്രീയത്തിൽ മറ്റാരുമുളളൂയെന്നത് തർക്കമില്ലാത്ത കാര്യമാണ്. ജനങ്ങളുടെ വികാരം കൃത്യമായി മനസ്സിലാക്കാനും അതനുസരിച്ച് ഏതുകക്ഷി അധികാരത്തിൽ വരുമെന്ന് മുൻകൂട്ടി കാണാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥ എക്കാലത്തും മുൻകൂട്ടി പ്രവചിച്ചിരുന്ന പാസ്വാന് കൂട്ടാളികളും എതിരാളികളും മാധ്യമങ്ങളും ഒരുപോലെ ഇട്ടിരുന്ന ഒരു പേരുണ്ട് - വെതർമാൻ.

2019-ലെ ലോക്​സഭാതെരഞ്ഞെടുപ്പിൽ എൽ.ജെ.പി ഉൾപെടുന്ന എൻ.ഡി.എ മുന്നണി ബിഹാറിലെ 40 പാർലമെൻറ്​ സീറ്റുകളിലും വിജയിക്കുമെന്നായിരുന്നു പാസ്വാൻ്റെ പ്രവചനം. 40 ലോകസഭാ സീറ്റുകളിൽ 39ഉം എൻ.ഡി.എ തൂത്തുവാരുകയും ചെയ്തത് 'വെതർമാൻ' എന്ന വിളിപേരിനെ ഒന്നുകൂടി ദൃഢമാക്കി.

1989 മുതൽ അധികാരത്തിലേറിയ എട്ടു കേന്ദ്ര മന്ത്രിസഭകളുടെ ഭാഗമാകാനും ആറു പ്രധാനമന്ത്രിമാരുടെ കീഴിൽ സേവനമനുഷ്ഠിക്കാനും രാം വിലാസ് പാസ്വാന് കഴിഞ്ഞതും ഈ ' കാലാവസ്ഥാ നിരീക്ഷണ' കഴിവ് കൊണ്ടാണ്. കഴിഞ്ഞ 32 വർഷത്തിനിടയിൽ ഒരേയൊരു കേന്ദ്രമന്ത്രിസഭയിൽ മാത്രമാണ് പാസ്വാൻ ഇല്ലായിരുന്നത്. 2009-14 വരെ ഇന്ത്യ ഭരിച്ച രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത്. സഖ്യമുണ്ടാക്കുന്നതിൽ തെറ്റ് സംഭവിച്ചിട്ടില്ലാത്ത പസ്വാൻ ആ സമത്ത് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ ആർ.ജെ.ഡിയുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചു. ഹാജിപുരിൽ നിന്ന് തോൽവിയായിരുന്നു ഫലം.

എന്നിട്ടും രാജ്യസഭയിലെത്തിയ അദ്ദേഹത്തെ കോൺഗ്രസ് കൂടെക്കൂട്ടിയില്ല. ആ അവഗണനയെ അദ്ദേഹം നേരിട്ടത് 2014ൽ നരേന്ദ്രമോദിയുടെ കീഴിലുളള എൻ.ഡി.എ ക്യാമ്പിലേക്ക് മനസാക്ഷിക്കുത്തൊന്നുമില്ലാതെ കൂടുമാറിയാണ്. ഗുജറാത്ത് കലാപത്തെചൊല്ലി വാജ്പേയി സർക്കാറിൽനിന്ന് രാജിവെച്ച് കോൺഗ്രസിനെ കൂട്ടുപിടിച്ച പസ്വാന് ആ ക്യാമ്പിൽ എപ്പോൾ തിരിച്ചെത്തണമെന്ന് കൃത്യമായി അറിയാമായിരുന്നു

ബിഹാറിലെ ഖാഗരിയ ജില്ലയിലെ ദലിത് കുടുംബത്തിൽ ജനിച്ച പാസ്വാൻ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് 1969ൽ ബിഹാർ നിയമസഭയിലെത്തിയത്​. തുടർന്ന് ലോക് ദളിലും ജനതാ പാർട്ടിയിലും പ്രവർത്തിച്ചു. 1977ൽ ജനത പാർട്ടി അംഗമായി ആദ്യമായി ലോക്​സഭയിലെത്തി. 4.24 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഹാജിപുരിൽനിന്ന് നേടിയ ഈ വിജയത്തിലൂടെ ഗിന്നസ് ബുക്കിലും പാസ്വാൻ ഇടം ​നേടി.

ബിഹാർ രാഷ്ട്രീയം കടന്ന് ദേശീയ രാഷ്ട്രീയത്തിലെത്തിയ പാസ്വാൻ എട്ടു തവണയാണ് (1980, 1989, 1996, 1998, 1999, 2004, 2014)യാണ് ലോക്​സഭയിലെത്തിയത്. വിവിധ മന്ത്രിസഭകളിൽ നിർണായക വകുപ്പുകളും കൈകാര്യം ചെയ്തു. 2000ൽ ആണ് സ്വന്തം പാർട്ടിയായ ലോക് ജനശക്തി പാർട്ടി അഥവാ എൽ.ജെ.പി രൂപവത്കരിക്കുന്നത്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ മാത്രമാണ് അദ്ദേഹം മത്സരരംഗത്ത് നിന്ന് മാറിനിന്നത്. പക്ഷേ, മൂന്നുകുടുംബാംഗങ്ങളെ കളത്തിലിറക്കി വിജയിപ്പിക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.