മോദി ഉദ്ഘാടനം ചെയ്ത സവർക്കർ എയർപോർട്ടിന്റെ മേൽക്കൂര അഞ്ചാംനാൾ തകർന്നുവീണു -Video

പോർട്ട് ബ്ലെയർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ആൻഡമാൻ പോർട്ട് ബ്ലെയറിലെ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ പാനലുകൾ അഞ്ചാംദിവസം തകർന്നു​. ശക്തമായ കാറ്റിൽ ടെർമിനലിന്റെ പുറംഭാഗത്തെ സീലിങ് പാനലുകൾ തകരുകയായിരുന്നു.

710 കോടി രൂപ ചെലവിലാണ് സവർക്കർ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിച്ചത്. ഏകദേശം 40,800 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഇവിടെ പ്രതിദിനം 11000 വരെ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. ജൂലൈ 18നാണ് മോദി ഇത് ഉദ്ഘാടനം ചെയ്തത്. ചൂട് കൂടുന്നത് നിയന്ത്രിക്കാന്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കെട്ടിടത്തില്‍ ഡബിള്‍ ഇന്‍സുലേറ്റഡ് റൂഫിംഗ് സിസ്റ്റം ആണ് ഉപയോഗിച്ചതെന്ന് വ്യോമയാന വകുപ്പ് അറിയിച്ചിരുന്നു. സീലിങ് കാറ്റിൽ തകർന്നു വീഴുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

എന്നാൽ, സി.സി.ടി.വി കാമറ സ്ഥാപിക്കാൻ പാനലുകൾ അഴിച്ചുമാറ്റിയപ്പോൾ കാറ്റടിച്ചതാണ് സീലിങ് തകരാൻ കാരണമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. പ്രധാന കെട്ടിടത്തിന് പുറത്തുള്ള കെട്ടിടത്തിലാണ് കേടുപാടുകൾ സംഭവിച്ചതെന്നും മന്ത്രി അവകാശപ്പെട്ടു. പൂർത്തിയാകാത്തതോ നിലവാരമില്ലാത്തതോ ആയ ഹൈവേകളും വിമാനത്താവളങ്ങളും പാലങ്ങളും ട്രെയിനുകളും ഉദ്ഘാടനം ചെയ്യുകയാണ് പ്രധാനമന്ത്രിയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് പരിഹസിച്ചു.

Full View

ആന്‍ഡമാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ ശേഷിയുള്ള വിമാനത്താവളം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അതിനാലാണ് വിമാനത്താവളം വികസിപ്പിച്ചതെന്നും ഉദ്ഘാടന ചടങ്ങിൽ മോദി പറഞ്ഞിരുന്നു. ‘പോര്‍ട്ട് ബ്ലെയറിലാണ് പരിപാടി നടക്കുന്നതെങ്കിലും സവര്‍ക്കര്‍ വിമാനത്താവളത്തിൽ യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി വർധിപ്പിക്ക​ണമെന്ന ആവശിം നിറവേറ്റപ്പെടുന്നതിനാല്‍ രാജ്യം മുഴുവന്‍ ആ കേന്ദ്ര ഭരണ പ്രദേശത്തേയ്ക്ക് ഉറ്റുനോക്കുകയാണ്. പോര്‍ട്ട് ബ്ലെയറിന്റെ പുതിയ ടെര്‍മിനല്‍ കെട്ടിടം യാത്ര സുഗമമാക്കുകയും വ്യാപാരം ചെയ്യുന്നത് ലളിതമാക്കുകയും ചെയ്യും. വളരെക്കാലമായി ഇന്ത്യയില്‍ വികസനാവസരങ്ങള്‍ വന്‍ നഗരങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയായിരുന്നു. ദീര്‍ഘകാലമായി രാജ്യത്തെ ആദിവാസി, ദ്വീപ് മേഖലകള്‍ വികസനരഹിതമായിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍, മുന്‍കാല സർക്കാരുകളുടെ തെറ്റുകള്‍ വളരെ സൂക്ഷ്മതയോടെ തിരുത്തുക മാത്രമല്ല, പുതിയ സംവിധാനം കൊണ്ടുവരികയും ചെയ്തു’ -പ്രധാനമന്ത്രി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.