ന്യൂഡൽഹി: മുതിർന്ന ആർ.എസ്.എസ് നേതാക്കളെ ഇരുത്തി ന്യൂനപക്ഷ വേട്ടക്കെതിരായ മുസ്‍ലിം നേതാക്കളുടെ വിമർശനത്തിന് ന്യൂഡൽഹി ഇന്ത്യ ഇസ്‍ലാമിക് സെന്റർ വേദിയായി. മുതിർന്ന ആർ.എസ്.എസ്- മുസ്‍ലിം നേതാക്കൾ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങാണ് മുസ്‍ലിം സമുദായവും ആർ.എസ്.എസും തമ്മിലുള്ള സംവാദമായി മാറിയത്.
ന്യൂഡൽഹി ഇന്ത്യ ഇസ്‍ലാമിക് സെന്ററിൽ ‘ഇന്റർഫെയ്ത് ഹാർമണി ഫൗണ്ടേഷൻ’ സ്ഥാപകൻ ഖ്വാജ ഇഫ്തികാർ അഹ്മദാണ് ‘മീറ്റിംഗ് ഓഫ് മൈൻഡ്സ്: എ ബ്രിഡ്ജിംഗ് ഇനീഷ്യേറ്റീവ് ബാക്ക് ഇൻ 2021’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനത്തിന് മുസ്‍ലിം നേതാക്കളെ കൂടാതെ ആർ.എസ്.എസ് നേതാക്കളെ കൂടി ക്ഷണിച്ചത്. ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതാണ് പുസ്തകം പ്രകാശനം ചെയ്തത്. ഭഗവതിനെ കൂടാതെ ആർ.എസ്.എസ് ജോയിന്റ് സെക്രട്ടറി കൃഷ്ണ ഗോപാൽ, ആർ.എസ്.എസ് ഔട്ട്റീച്ച് ഇൻചാർജ് രാം ലാൽ, മുൻ ഡൽഹി ലഫ്റ്റനന്റ് ഗവർണറും ജാമിഅ മില്ലിയ ഇസ്‍ലാമിയ വൈസ് ചാൻസലറുമായ നജീബ് ജംഗ്, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ ഖുറൈശി, മുൻ അലീഗഢ് സർവകലാശാല വൈസ് ചാൻസലർ ലഫ്. ജനറൽ (റിട്ട.) സമീറുദ്ദീൻ ഷാ തുടങ്ങിയവരും പങ്കെടുത്തു.
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടക്കുമ്പോഴും അവരുടെ വീടുകൾ ഇടിച്ചുതകർക്കുമ്പോഴും അവർക്കെതിരെ വ്യാജങ്ങൾ പടച്ചുവിടുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനം മുൻ ഡൽഹി ലഫ്റ്റനന്റ് ഗവർണറും ജാമിഅ മില്ലിയ ഇസ്‍ലാമിയ വൈസ് ചാൻസലറുമായ നജീബ് ജംഗ് ചോദ്യം ചെയ്തു. അത്തരം സംഭവങ്ങൾ ജനാധിപത്യത്തിന് അങ്ങേയറ്റം ആശങ്കാജനകമാണ്. ഇന്ത്യയുടെ ചരിത്രത്തോട് പ്രതികാരം ചെയ്യണമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യുവാക്കളോട് ഈയിടെ ആഹ്വാനം ചെയ്തതിനെയും ജംഗ് വിമർശിച്ചു. പൗരത്വ സമര നേതാവായിരുന്ന ഉമർ ഖാലിദിന് ജാമ്യം അനുവദിക്കാതെ നീതി നിഷേധിക്കുന്നതും ജംഗ് ഉന്നയിച്ചു. പശുവിന്റെ പേരിലുള്ള ആക്രമണങ്ങളും സ്കൂൾ പാഠപുസ്തകങ്ങളിൽ ചരിത്രം തിരുത്തിയെഴുതുന്നതും അടക്കം വർത്തമാന ഇന്ത്യയിലെ നിരവധി പ്രശ്നങ്ങൾ ജംഗ് ഉയർത്തിക്കാട്ടി.
സമൂഹമാധ്യമങ്ങൾ, സിനിമകൾ, വലതുപക്ഷ ഗുണ്ടായിസം എന്നിവയെല്ലാം മുസ്‍ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണത്തിന്റെ അപകടകരമായ ഉപകരണങ്ങളാണെന്ന് മുൻ അലീഗഢ് സർവകലാശാല വൈസ് ചാൻസലർ ലഫ്. ജനറൽ(റിട്ട.) സമീറുദ്ദീൻ ഷാ ചൂണ്ടിക്കാട്ടി. സമൂഹത്തിലെ 20 ശതമാനമെങ്കിലും വിധ്വംസക ശക്തികളാണെന്ന് തിരിച്ചറിയുകയും അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയും വേണമെന്നും സമീറുദ്ദീൻ ഷാ ആവശ്യപ്പെട്ടു.
വിധ്വംസക ഘടകങ്ങൾ സമൂഹത്തിലെ ആഴത്തിലുള്ള രോഗത്തിന്റെ ലക്ഷണങ്ങളാണെന്നുമായിരുന്നു ആർ.എസ്.എസ് നേതാവ് കൃഷ്ണഗോപാലിന്റെ പ്രതികരണം. പ്രകോപനമുണ്ടാക്കുന്നവരുമായി ഏറ്റുമുട്ടുന്നതിന് പകരം അതിന് പിന്നിലുള്ള കാരണങ്ങൾ കണ്ടെത്തി അതിന് ചികിൽസ നൽകുകയാണ് വേണ്ടതെന്നും ആർ.എസ്.എസ് നേതാവ് പറഞ്ഞു.
ഉമർ ഖാലിദിന് ജാമ്യം ലഭിക്കാത്തതിനെ കുറിച്ചാണ് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും എന്നാൽ ആൾട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറിന് വളരെ പെട്ടെന്ന് സുപ്രീംകോടതി ജാമ്യം നൽകിയതിനെ കുറിച്ച് ആരും പറയുന്നില്ലെന്നും മുൻ ബി.ജെ.പി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കൂടിയായ ആർ.എസ്.എസ് നേതാവ് രാം ലാൽ പറഞ്ഞു. കോടതികളെ സർക്കാർ സ്വാധീനിക്കുന്നുണ്ടെന്ന കാഴ്ചപ്പാട് ചോദ്യം ചെയ്ത രാംലാൽ എല്ലാറ്റിലേക്കും സർക്കാറിനെയും ആർ.എസ്.എസിനെയും കൊണ്ടുവരേണ്ട കാര്യമില്ലെന്നും അഭിപ്രായപ്പെട്ടു. കോൺഗ്രസ് ആർ.എസ്.എസിനോട് പിന്തുണ ആവശ്യപ്പെടാതെ നിന്ദിച്ചുകൊണ്ടിരിക്കുമ്പോൾ എങ്ങിനെ അവരെ പിന്തുണക്കുമെന്ന് രാംലാൽ ചോദിച്ചു. ആർ.എസ്.എസിനെ കോൺഗ്രസ് നിന്ദിക്കുന്നിടത്തോളം കാലം തങ്ങൾ ബി.ജെ.പിക്കുള്ള പിന്തുണ തുടരുമെന്നും രാംലാൽ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.