ന്യൂഡൽഹി: ബലാത്സംഗവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് കോൺഗ്രസ് എം.എൽ.എ ഫുൽ സിങ് ബരായയുടെ പരാമർശങ്ങൾ വിവാദത്തിൽ. സുന്ദരികളായ സ്ത്രീകൾ പുരുഷൻമാരെ അസ്വസ്ഥതപ്പെടുത്തുമെന്നും അത് ബലാത്സംഗത്തിന് കാരണമായേക്കുമെന്നുമാണ് എം.എൽ.എയുടെ കണ്ടെത്തൽ. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാമെന്ന് ചില മതഗ്രന്ഥങ്ങളിൽ തന്നെ പറയുന്നുണ്ടെന്നും എം.എൽ.എ അവകാശപ്പെട്ടു.
ഒരു പുരുഷൻ റോഡിലൂടെ നടന്നുപോകുമ്പോൾ സുന്ദരിയായ ഒരു സ്ത്രീയെ കണ്ടാൽ ചിലപ്പോൾ അസ്വസ്ഥനായേക്കും അത് ചിലപ്പോൾ ബലാത്സംഗത്തിലേക്ക് നയിച്ചേക്കാമെന്ന് ഫേസ്ബുക്കിൽ പോ്സറ്റ് ചെയ്ത വിഡിയോയിൽ എം.എൽ.എ പറഞ്ഞു. ആത്മീയമായ ചില നേട്ടങ്ങൾക്ക് വേണ്ടി ചിലർ ബലാത്സംഗം ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരാധാനാലയങ്ങളിൽ പോകാൻ സാധിക്കാത്തവർ ദലിത് അല്ലെങ്കിൽ ആദിവാസി സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ ആത്മീയമായ അനുഗ്രഹം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.സി, ആദിവാസി, ഒ.ബി.സി വിഭാഗങ്ങളിൽ സുന്ദരികളായ സ്ത്രീകൾ ഇല്ലാതിരുന്നിട്ട് കൂടി ബലാത്സംഗം നടക്കുന്നത് ചില പുരാതമതഗ്രന്ഥങ്ങളിൽ അതിന് അനുമതി നൽകിയത് കൊണ്ടാണെന്ന് എം.എൽ.എ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ മധ്യപ്രദേശ് സന്ദർശനത്തിന് മുന്നോടിയായി വിവാദമുണ്ടാക്കാനാണ് കോൺഗ്രസ് എം.എൽ.എ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. മധ്യപ്രദേശ് ബി.ജെ.പി അധ്യക്ഷൻ കോൺഗ്രസ് എം.എൽ.എയുടെ സംഭാഷണ വിഡിയോ എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.