മാൾഡ: രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. പശ്ചിമ ബംഗാളിലെ ഹൗറയിൽ നിന്ന് അസമിലെ ഗുവാഹതി (കാമാഖ്യ) വരെയാണ് പുതിയ ട്രെയിൻ. മാൾഡ ടൗൺ സ്റ്റേഷനിൽ വെച്ചാണ് മോദി ഉദ്ഘാടനം നിർവഹിച്ചത്. ട്രെയിനിൽ കുട്ടികളുമായി മോദി സംവദിച്ചു. ഗുവാഹതിയിൽ നിന്ന് ഹൗറയിലേക്കുള്ള വന്ദേഭാരത് സ്ലീപ്പറിന്റെ ഉദ്ഘാടനം ഓൺലൈനായും പ്രധാനമന്ത്രി നിർവഹിച്ചു. ആധുനിക ഇന്ത്യയുടെ വർധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതാണ് പൂർണമായും ശീതീകൃത സംവിധാനമുള്ള വന്ദേഭാരത് സ്ലീപ്പറെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് (പി.എം.ഒ) പ്രസ്താവനയിൽ പറഞ്ഞു.
മിതമായ നിരക്കിൽ വിമാനത്തിലേതിന് തുല്യമായ യാത്രാനുഭവമായിരിക്കും ഈ വണ്ടിയിലെന്നും പി.എം.ഒ അറിയിച്ചു. ഈ ട്രെയിനിൽ സഞ്ചരിച്ചാൽ ഹൗറയിൽ നിന്ന് ഗുവാഹതി വരെ നിലവിലുള്ള യാത്രാസമയം രണ്ടര മണിക്കൂർ കുറയും. 18 മണിക്കൂർകൊണ്ട് ഹൗറയിൽ നിന്ന് ഗുവാഹതിയിലെത്താം. കാളി മാതാവിന്റെ നാടിനെയും കാമാഖ്യ മാതാവിന്റെ നാടിനെയും ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയിനെന്ന് മോദി പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിലേക്കും അസമിലേക്കും പുതിയ ട്രെയിനുകളും റോഡ് നിർമാണവുമടക്കം 3250 കോടി രൂപയുടെ വിവിധ പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്തത്. നാല് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ന്യൂ ജയ്പാൽഗുരിയിൽ നിന്ന് നാഗർകോവിലിലേക്കും തിരുച്ചിറപ്പള്ളിയിലേക്കും ആലിപുർദുവാറിൽ നിന്ന് എസ്.എം.വി.ടി ബംഗളൂരുവിലേക്കും (ബയ്യപ്പനഹള്ളി) മുംബൈ പൻവേലിലേക്കുമാണ് പുതിയ അമൃത് ഭാരത് ട്രെയിനുകൾ. ബലുർഘട്ടിനും ഹിലിക്കും ഇടയിലുള്ള പുതിയ റെയിൽ പാത, ന്യൂ ജൽപായ്ഗുരിയിലെ ചരക്ക് ട്രെയിൻ അറ്റകുറ്റപ്പണി സൗകര്യങ്ങൾ, സിലിഗുരി ലോക്കോ ഷെഡിന്റെ നവീകരണം, ജൽപായ്ഗുരി ജില്ലയിലെ വന്ദേ ഭാരത് ട്രെയിൻ അറ്റകുറ്റപ്പണി സൗകര്യങ്ങളുടെ നവീകരണം എന്നിവയുൾപ്പെടെ പദ്ധതികൾക്ക് മോദി തറക്കല്ലിട്ടു.
വടക്കൻ ബംഗാളിലെ പ്രധാന പദ്ധതിയായ ദേശീയപാത 31ഡിയിലെ ധുപ്ഗുരി-ഫലകത ഭാഗത്തിന്റെ പുനരുദ്ധാരണത്തിനും നാലുവരിയാക്കലിനും മോദി തുടക്കമിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.