ന്യൂഡല്‍ഹി: ട്രാന്‍സ്ജെന്‍ഡര്‍ അവകാശസംരക്ഷണ ഭേദഗതി ബില്ലിൽ എതിർപ്പുമായി ഭരണപക്ഷം. ട്രാൻസ്ജെൻഡർ സമൂഹവുമായി ആലോചിക്കാതെ കൊണ്ടുവന്ന ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷം ആവശ്യം തള്ളി ലോക്സഭയിൽ ശബ്ദ വോട്ടോടെ പാസാക്കി.
ട്രാൻസ്ജെൻഡർ വ്യക്തികളുടെ സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ബില്ല് അവതരിപ്പിച്ച സാമൂഹികനീതി-ശാക്തീകരണ മന്ത്രി വീരേന്ദ്ര കുമാർ പറഞ്ഞു.
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നിയമത്തിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ കൃത്യമായ നിർവചനം ആവശ്യമാണ്. അതു നിറവേറ്റുന്നതാണ് ബില്ല്. ജില്ല മജിസ്ട്രേറ്റ് ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തിരിച്ചറിയൽ കാർഡ് നൽകുമെന്നും മെഡിക്കൽ ബോർഡ് രൂപവത്കരിക്കും എന്നുമുള്ള വ്യവസ്ഥകൾ ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
എന്നാൽ, ട്രാൻസ്ജെൻഡർ സമൂഹവുമായി ആലോചിക്കാതെ കൊണ്ടുവന്ന ബിൽ സർക്കാറിന്റെ ഹൃദയശൂന്യമായ മനോഭാവത്തിന്റെ തെളിവാണെന്ന് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച കോൺഗ്രസ് എം.പി ജ്യോതിമണി കുറ്റപ്പെടുത്തി. ലിംഗസ്വത്വം സ്വയം നിർണയിക്കാനുള്ള അവകാശം സുപ്രീം കോടതി അംഗീകരിച്ചതാണ്. ഭരണഘടന അനുച്ഛേദങ്ങൾ പ്രകാരം വ്യക്തിയുടെ അന്തസ്സ്, ശാരീരിക സ്വയംഭരണം, സ്വത്വം എന്നിവ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ബിൽ ട്രാൻസ്ജെൻഡറിന്റെ നിർവചനം ചുരുക്കുന്നതാണെന്നും അവർ കുറ്റപ്പെടുത്തി.
ബിൽ ട്രാൻസ്ജെൻഡർ ക്ഷേമത്തിനുള്ളതാണെങ്കിൽ, ആ സമൂഹം തന്നെ തെരുവിൽ ഇതിനെ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് സമാജ് വാദി പാർട്ടിയുടെ ആനന്ദ് ഭദൗരിയ ചോദിച്ചു. ഇതൊരു അന്യായമായ ഒഴിവാക്കൽ പരിപാടി ആണെന്നും ഭരണഘടനാ തത്ത്വങ്ങൾക്ക് അനുസൃതമല്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.