ന്യൂഡൽഹി: വിവാദ എഫ്.സി.ആർ.എ ഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോട്ടില്ലെന്ന് കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ) പ്രതിനിധി സംഘത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. നിയമ ഭേദഗതി ക്രൈസ്തവ സമുദായത്തെ മാത്രം കണ്ടല്ലെന്നും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളും ഇതര മതവിഭാഗങ്ങളുമെല്ലാം ഇതിന്റെ പരിധിയിൽപ്പെടുമെന്നും അമിത് ഷാ ഓർമിപ്പിച്ചു. ഇത് ക്രിസ്ത്യാനികളെ മാത്രം ലക്ഷ്യമിട്ടാണെന്ന ധാരണ മാറ്റണമെന്ന് ബിഷപ്പുമാരോട് ആവശ്യപ്പെട്ട അമിത് ഷാ സമുദായാംഗങ്ങളോട് ഇക്കാര്യം പറയാനും നിർദേശിച്ചു.
കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് എഫ്.സി.ആർ.എ വഴി വന്ന 17,000ൽപരം കോടി രൂപയിൽ കേവലം 3000 കോടി രൂപയോളം മാത്രമാണ് ക്രിസ്ത്യൻ സംഘടനകൾക്ക് ലഭിച്ചതെന്ന് തന്റെ വാദത്തിന് ഉപോൽബലകമായി അമിത് ഷാ കണക്കുനിരത്തിയെന്ന് സി.ബി.സി.ഐ ഉപാധ്യക്ഷൻ മാത്യു കോയിക്കൽ പറഞ്ഞു.
ഹിന്ദു സംഘടനകളും മതാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മറ്റു സംഘടനകളും വിദേശ സംഭാവനകൾ സ്വീകരിക്കുന്നുണ്ടെന്നും അതുകൊണ്ട് എഫ്.സി.ആർ.എ ക്രിസ്ത്യാനികളെ മാത്രം ലക്ഷ്യമിട്ടാണെന്ന് പറയരുതെന്നും അമിത് ഷാ വ്യക്തമാക്കി. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ നിയമത്തിന്റെയും ഭരണഘടനയുടെയും അടിസ്ഥാനത്തിൽ അതിന് പരിഹാരം കാണുമെന്നും തന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അമിത് ഷാ ബിഷപ്പുമാരോട് പറഞ്ഞു. നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമുണ്ടാകില്ല എന്നും നിയമമാകുന്ന തീയതി തൊട്ടായിരിക്കും ബിൽ ബാധമാകുകയെന്നും അദ്ദേഹം ഉറപ്പുനൽകിയെന്നും മാത്യു കോയിക്കൽ കൂട്ടിച്ചേർത്തു.
ക്രിസ്ത്യൻ സമുദായത്തിന്റെ സ്കൂളുകളുടെയും സ്ഥാപനങ്ങളുടെയും ആരോഗ്യ സാമൂഹിക സേവന പദ്ധതികളുടെയും കാര്യത്തിൽ തന്റെ ഭാഗത്തുനിന്ന് അനുകൂലമായ സമീപനമുണ്ടാകുമെന്ന് അമിത് ഷാ അറിയിച്ചുവെന്ന് അദ്ദേഹം തുടർന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യൻ സമുദായാംഗങ്ങൾക്കുനേരെ നടക്കുന്ന നിർഭാഗ്യകരമായ സംഭവങ്ങളിൽ അദ്ദേഹം കൂടെ നിൽക്കുമെന്നും പറഞ്ഞു.
ഏത് ക്രിസ്ത്യൻ സ്ഥാപനത്തിനുനേരെ അക്രമം നടന്നാലും എഫ്.ഐ.ആർ ഫയൽ ചെയ്യിച്ച് പൊലീസിനെ വിഷയത്തിൽ ഇടപെടുവിക്കണമെന്ന് അമിത് ഷാ ബിഷപ്പുമാരോട് ആവശ്യപ്പെട്ടു. പൊലീസ് പലപ്പോഴും സഹകരിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, അത്തരം ഘട്ടത്തിൽ തന്നെ നേരിട്ട് അറിയിക്കാമെന്നും അമിത് ഷാ പറഞ്ഞു.
കോൺഗ്രസ് സർക്കാർ കൊണ്ടുവന്നത് കർശന നിയമമായിരുന്നുവെന്നും അത് ഒന്നുകൂടി ലഘുവാക്കി ആശങ്കകൾ കുറച്ച് മെച്ചപ്പെടുത്തുകയാണ് ഇപ്പോൾ ചെയ്തതെന്നുമാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. അന്നത്തെ കോൺഗ്രസ് സർക്കാർ നിയമം കൊണ്ടു വന്നപ്പോൾ നിങ്ങളാരും സർക്കാറിന്റെയടുത്ത് പോയില്ലല്ലോ എന്ന് അമിത് ഷാ ബിഷപ്പുമാരോട് ചോദിച്ചു.
വളരെ ആദരവോടെ തങ്ങളെ സ്വീകരിച്ച അമിത് ഷാ ആശങ്കകളെല്ലാം പൂർണമായും കേട്ടുവെന്നും അതിനുള്ള സമയം അനുവദിച്ചുവെന്നും സംഘത്തിലുണ്ടായിരുന്ന ആന്റണി പൂല മാധ്യമങ്ങളോട് പറഞ്ഞു. പട്ടികജാതി, പട്ടികവർഗ മേഖലകളിലുണ്ടാകുന്ന ആക്രമണങ്ങളും വിവിധ സംസ്ഥാനങ്ങളിലെ മത പരിവർത്തന ബില്ലുകളും മണിപ്പൂർ സംഘർഷവുമെല്ലാം ചർച്ചയിൽ വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.