തുടര്‍ച്ചയായ പതിനാലാം ദിനവും പാര്‍ലമെന്‍റ്​ സ്തംഭിച്ചു

ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയെ ചൊല്ലി ലോക്സഭയില്‍ ചര്‍ച്ച തുടങ്ങാനുള്ള സര്‍ക്കാര്‍ ശ്രമം വിജയിച്ചില്ല. ഇരുസഭകളും പ്രതിപക്ഷ ബഹളത്തില്‍ തിങ്കളാഴ്ചയും സ്തംഭിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ലോക്സഭയില്‍ പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തി. രാജ്യസഭയില്‍ ബഹളത്തിനിടെ, ഭിന്നശേഷി വിഭാഗങ്ങളുടെ അധികാരം സംരക്ഷിക്കുന്നതിനുള്ള ബില്‍ പാസാക്കാനുള്ള സര്‍ക്കാര്‍ ശ്രമം പ്രതിപക്ഷം തടഞ്ഞു. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങളില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്നാണ് ലോക്സഭയില്‍ പ്രതിപക്ഷത്തിന്‍െറ മുഖ്യ ആവശ്യം. എന്നാല്‍, വോട്ടെടുപ്പില്ലാതെയുള്ള ചര്‍ച്ചക്ക് മാത്രമേ സര്‍ക്കാര്‍ തയാറുള്ളൂ. അതേസമയം, വോട്ടെടുപ്പില്ലാതെയുള്ള ചര്‍ച്ചക്ക് പ്രതിപക്ഷത്തെ ബി.ജെ.ഡിയും ടി.ആര്‍.എസും സന്നദ്ധരാണ്. അവര്‍ നല്‍കിയ നോട്ടീസ് പ്രകാരം ചര്‍ച്ചക്ക് തുടക്കം കുറിക്കാനായിരുന്നു സര്‍ക്കാറിന്‍െറ നീക്കം. സ്പീക്കര്‍ സുമിത്ര മഹാജന്‍ ചര്‍ച്ചക്ക് തുടക്കം കുറിക്കാന്‍ പ്രതിപക്ഷത്തെ ക്ഷണിച്ചുവെങ്കിലും അവര്‍ തയാറായില്ല. കോണ്‍ഗ്രസ്, ടി.എം.സി, ഇടത് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ഏതുവകുപ്പ് പ്രകാരവും വകുപ്പ് ഒന്നുമില്ലാതെയും ചര്‍ച്ചയാകാമെന്നായി സ്പീക്കര്‍. വോട്ടെടുപ്പുള്ള വകുപ്പ് പ്രകാരം തന്നെ വേണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. ബി.ജെ.ഡിയും ടി.ആര്‍.എസും കോണ്‍ഗ്രസിനൊപ്പമില്ളെന്ന് ചൂണ്ടിക്കാട്ടിയ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷത്തുപോലും ഐക്യമില്ലാത്ത കാര്യത്തിലാണ് കോണ്‍ഗ്രസ് ആവര്‍ത്തിച്ച് സഭ മുടക്കുന്നതെന്ന് കുറ്റപ്പെടുത്തി. നോട്ട് നിരോധനത്തിന്‍െറ ഉദ്ദേശ്യശുദ്ധിയെ ആരും ചോദ്യം ചെയ്തിട്ടില്ല. നടപ്പാക്കിയ രീതിയിലെ പ്രശ്നങ്ങളെക്കുറിച്ച് മാത്രമാണ് പറയുന്നത്. അക്കാര്യം പ്രതിപക്ഷം സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പറയൂ. വീഴ്ച ബോധ്യമായാല്‍ ആവശ്യമായ തിരുത്തലിന് സര്‍ക്കാര്‍ തയാറാണെന്നും രാജ്നാഥ് പറഞ്ഞു. നോട്ടു നിരോധനത്തെ തുടര്‍ന്നുള്ള ജനങ്ങളുടെ ദുരിതമാണ് ഞങ്ങള്‍ പറയുന്നതെന്ന് കോണ്‍ഗ്രസ് സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

Tags:    
News Summary - Parliament, Day 14: Both houses adjourned till 2pm amid uproar over demonetisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.