പ്രതി നൗഫൽ

ചെന്നൈയിൽ സമാന്തര ടെലിഫോൺ എക്സ്​ചേഞ്ച്​; മലയാളി അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ സമാന്തര ടെലിഫോൺ എക്സ്​ചേഞ്ച്​ നടത്തിയ കേസിൽ മലയാളി യുവാവ്​ അറസ്റ്റിൽ. മലപ്പുറം സ്വദേശി നൗഫൽ (35) ആണ്​ പിടിയിലായത്​. ഇയാളെ കോടതി റിമാൻഡ്​ ചെയ്തു. മുഖ്യപ്രതി അനീഷ്​ ഉൾപ്പെടെ രണ്ട്​ മലയാളികളെ കൂടി പൊലീസ്​ അന്വേഷിക്കുന്നുണ്ട്​. രാജ്യാന്തര കാളുകൾ ലോക്കൽ കാളുകളാക്കി മാറ്റിയാണ്​ തട്ടിപ്പ്​ നടത്തുന്നത്​.

രണ്ടാഴ്ചക്കിടെ 72 ലാൻഡ്‌ലൈൻ കണക്ഷനുകളിൽ നിന്ന് 10,000 മുതൽ 15,000 വരെ കാളുകൾ വന്നതായി ബി.എസ്.എൻ.എൽ അധികൃതർ കണ്ടെത്തിയിരുന്നു. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ കാനത്തൂർ നൈനാർ കുപ്പം പ്രദേശത്തെ വാടകവീട്ടിലാണ്​ സമാന്തര എക്സ്​ചേഞ്ച്​ പ്രവർത്തിച്ചിരുന്നത്​. ബി.എസ്​.എൻ.എൽ അധികൃതരും പൊലീസും നടത്തിയ റെയ്​ഡിൽ ഏഴ് സിം ബോക്സുകൾ കണ്ടെടുത്തു. ഓരോ ബോക്സിലും ഒരേസമയം 32 സിം കാർഡുകൾ വരെ പ്രവർത്തിപ്പിക്കാനാവും. വീടിന്​ 7500 രൂപയാണ്​ വാടക നൽകിയത്​.

ബി.എസ്.എൻ.എൽ, എയർടെൽ, ജിയോ തുടങ്ങിയ കമ്പനികളെ കബളിപ്പിച്ച് രാജ്യാന്തര ഫോൺ കാളുകൾ ലോക്കൽ കാളുകളാക്കി മാറ്റി വരുമാന നഷ്ടമുണ്ടാക്കിയതിനാണ്​ കേസ്​. ഇതിനായി 224 ഉപഭോക്താക്കളുടെ പേരിൽ വ്യാജ സിം കാർഡുകൾ വാങ്ങി. ഇവ പ്രത്യേക ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് നെറ്റ്‌വർക്ക് ഉണ്ടാക്കി വ്യാജ നമ്പറുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു.

എല്ലാ നമ്പറുകളും വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചാണ് വാങ്ങിയത്​. വിദേശത്തു നിന്നുള്ള​ പ്രത്യേക സോഫ്റ്റ്​വെയർ ഉപയോഗിച്ച് വോയ്​സ്​ ഓഫ്​ ഇന്‍റർനെറ്റ് പ്രോട്ടോകോൾ കാളുകൾ​ ചെയ്യുന്നതിനാൽ സമാന്തര എക്സ്​ചേഞ്ച്​ മുഖേന സംസാരിക്കുന്നവരുടെ വിവരങ്ങൾ നെറ്റ്‌വർക്ക് കമ്പനികൾക്ക്​ ലഭ്യമാവാറില്ല. പ്രതികൾ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്​.

Tags:    
News Summary - Parallel telephone exchange in Chennai; Malayalee arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.