പാരഡൈസ് പേപ്പേഴ്സ്: വലിയ രഹസ്യം തകർക്കപ്പെട്ടെന്ന് ജെയ്റ്റ്ലി

ന്യൂഡൽഹി: വിദേശ നിക്ഷേപകരുടെയും കള്ളപ്പണക്കാരുടെയും വിവരങ്ങൾ പുറത്തുവിട്ട പാരഡൈസ് പേപ്പേഴ്സ് വലിയ രഹസ്യം തകർക്കപ്പെട്ടെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. രഹസ്യങ്ങൾ എന്നത് ഒന്നുമല്ലെന്ന് വ്യക്തമായി. പാരഡൈസ് പേപ്പേഴ്സിന്‍റെ വെളിപ്പെടുത്തലുകൾ സംയുക്ത സമിതി അന്വേഷിക്കുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. 

രാജ്യാന്തര മാധ്യമ കൂട്ടായ്മ രഹസ്യ രേഖകൾ പുറത്തുവിട്ടത് രാജ്യത്തിന് വികസനത്തിന് വലിയ ഗുണം ചെയ്യും. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കൈമാറുന്നതിന് രാജ്യങ്ങൾ തമ്മിൽ അന്താരാഷ്ട്ര തലത്തിൽ സഹകരണം വേണം. പാരഡൈസ് പേപ്പേഴ്സിന്‍റെ സാധുത സെൻട്രൽ ബോർഡ് ഒാഫ് ഡയറക്ട് ടാക്സ് (സി.ബി.ഡി.പി), എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി), റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർ.ബി.ഐ), ഫിനാൻഷ്യൽ ഇന്‍റലിജൻസ് യൂനിറ്റ് (എഫ്.ഐ.യു) എന്നീ വിഭാഗങ്ങൾ പരിശോധിക്കുമെന്നും ജെയ്റ്റ്ലി മാധ്യമങ്ങളോട് പറഞ്ഞു. 

പാരഡൈസ് പേപ്പേഴ്സ് പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര വ്യോമയാന മന്ത്രിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. കേന്ദ്രമന്ത്രി ജയന്ത് സിൻഹ രാജിവെക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല ആവശ്യപ്പെട്ടു. വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം തിരിച്ചെത്തിക്കുന്ന കാര്യത്തിൽ മോദി സർക്കാർ പൂർണ പരാജയമാണ്. രേഖകളിലെ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും സുർജെവാല പറഞ്ഞു. 

ഇതിനിടെ, പ്രമുഖ മാധ്യമ സ്ഥാപനമായ ഹിന്ദുസ്ഥാൻ ടൈംസ് ഗ്രൂപ്പിന്‍റെ ഉടമസ്ഥരായ ഭാരതിയാസ് വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചതായി ദേശീയ ദിനപത്രം ദ ഇന്ത്യൻ എക്സ്പ്രസ്  റിപ്പോർട്ട് ചെയ്തു. ടൈംസ് ഗ്രൂപ്പ് രൂപം നൽകിയ എച്ച്.ടി.ബി.സി ലിമിറ്റഡ് എന്ന കമ്പനി ബർമൂഡയിൽ സ്ഥാപിച്ച ഗോഫോർഐ ഡോക് കോം (ബർമൂഡ) ലിമിറ്റഡ് എന്ന കമ്പനിയിലാണ് കള്ളപ്പണം നിക്ഷേപിച്ചത്. സാമ്പത്തിക ഉപദേശകരായ ആപ്പിൽബിയുടെ രേഖകൾ പ്രകാരം ഹിന്ദുസ്ഥാൻ ടൈംസ് ഗ്രൂപ്പിന്‍റെ ചെയർപേഴ്സന്‍ ശോഭന ഭാരതീയയും മകൻ പ്രിയവ്രത് ഭാരതീയയും ഗോഫോർഐ ഡോക് കോം കമ്പനിയിൽ ഡയറക്ടർമാരാണ്. സ്വാമിൻ ഇൻവെസ്റ്റ്മെന്‍റ് ലിമിറ്റഡ്, ഇന്തോഷ്യൻ ഇന്‍റർനെറ്റ് ഹോൾഡിങ് (ബെർമൂഡ) ലിമിറ്റഡ് എന്നിവ ഗോഫോർഐ ഡോക് കോമിന്‍റെ നിക്ഷേപ പങ്കാളികളാണ്. 

Tags:    
News Summary - Paradise Papers: Secrecy smashed says Arun Jaitley -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.