ന്യൂഡൽഹി: മൂന്നുമാസം മുമ്പാണ് പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിനൽകിയതിന് സി.ആർ.പി.എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ മോത്തി റാം ജാട്ടിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ സൈന്യത്തിലെയും അർധസൈനിക വിഭാഗങ്ങളിലെയും കേന്ദ്രസർക്കാരിലെയും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട 15 ഫോൺ നമ്പറുകളുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നതായി കേസ് അന്വേഷിക്കുന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ എക്സ്പ്രസ് ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
പാക് ഏജന്റുകൾക്ക് തന്ത്രപ്രധാനമായ രഹസ്യവിവരങ്ങൾ കൈമാറിയതായി കേന്ദ്ര ഏജൻസികൾ കണ്ടെത്തിയതിനെ തുടർന്ന് ഇക്കഴിഞ്ഞ മേയ് 27നാണ് മോത്തി റാമിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. പഹൽഗാമിലെ സി.ആർ.പി.എഫ് ബറ്റാലിയനിലായിരുന്നു മോത്തി റാം. 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണം നടക്കുന്നതിന് അഞ്ച് ദിവസം മുമ്പാണ്ഡൽഹിയിലേക്ക് ഇയാളെ സ്ഥലംമാറ്റിയത്.
മോത്തി റാമിനെ ബന്ധപ്പെട്ടതിന് പുറമെ സലീം അഹ്മദ് എന്ന കോഡ് പേരുള്ള പാക് പൗരൻ 15 ഫോൺ നമ്പറുകളുമായും ബന്ധംപുലർത്തിയതായി സാങ്കേതിക നിരീക്ഷണത്തിന്റെ സഹായത്തോടെ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
അതിൽ നാലു നമ്പറുകൾ സൈന്യത്തിലും നാലെണ്ണം അർധ സൈനിക വിഭാഗത്തിലും അവശേഷിക്കുന്ന ഏഴെണ്ണം കേന്ദ്രസർക്കാറിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്നവരുടെതുമാണെന്നും കോൾ റെക്കോർഡുകളും ഇന്റർനെറ്റ് പ്രോട്ടോക്കോൾ വിവരങ്ങളും പരിശോധിച്ചതുവഴി മനസിലാക്കാൻ സാധിച്ചു. ഇതെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.
ലാഹോർ ആസ്ഥാനമായുള്ള പാക് ഓപറേറ്ററുമായി ആക്ടിവേഷൻ ഒ.ടി.പി പങ്കിട്ട ഒരാളാണ് മോത്തി റാവുവിനെ ബന്ധപ്പെടാൻ ഉപയോഗിച്ച ഫോൺ നമ്പറിന്റെ സിം കാർഡ് കൊൽക്കത്തയിൽ നിന്ന് വാങ്ങിയത്. ഈ പറയുന്ന കൊൽക്കത്ത സ്വദേശി 2007ൽ പാക് സ്വദേശിയെ വിവാഹം ചെയ്ത് 2014 മുതൽ പാകിസ്താനിലാണ് താമസിക്കുന്നത്. അയാൾ വർഷത്തിൽ രണ്ടുതവണ കൊൽക്കത്തയിലേക്ക് വരാറുണ്ട്.
കഴിഞ്ഞ രണ്ടുവർഷമായി മോട്ടി പാക് ഏജന്റിന് ഇന്ത്യയെ സംബന്ധിക്കുന്ന സുപ്രധാന വിവരങ്ങൾ കൈമാറിയിരുന്നതായി അതിന് കൃത്യമായി പ്രതിഫലം ലഭിച്ചിരുന്നതായും അന്വേഷണ ഏജൻസികൾ മനസിലാക്കിയിട്ടുണ്ട്. പലപ്പോഴും 12,000 രൂപ വരെ പ്രതിഫലം കിട്ടിയിട്ടുണ്ട്. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, അസം, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് മോത്തി റാമിന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചിരിക്കുന്നത്. പണം അയച്ചവരിൽ ഒരാളായ ഷെഹ്സാദിനെ മേയിൽ യു.പി എ.ടി.എസ് ഐ.എസ്.ഐക്ക് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകിയതിന് അറസ്റ്റ് ചെയ്തിരുന്നു. അതിർത്തി കടന്നുള്ള വസ്ത്ര, സുഗന്ധദ്രവ്യ, സൗന്ദര്യ വർധക വസ്തുക്കളുടെ കച്ചവടമാണിയാൾക്ക്. അതിനിടെയാണ് ഐ.എസ്.ഐ ഏജൻസുമാർക്ക് വിവരങ്ങൾ കൈമാറിയത് എന്നാണ് കരുതുന്നത്. പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ, ഒരു സഹയാത്രികൻ കുടുംബാംഗത്തിന് പണം അയക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒരിക്കൽ മോത്തിക്ക് 3500 രൂപ കൈമാറിയതായി ഷെഹ്സാദ് സമ്മതിച്ചിരുന്നു. ഓൺലൈൻ ഇടപാട് വഴി സഹയാത്രികൻ തനിക്ക് 3500 രൂപ നൽകിയതായും അയാൾ വെളിപ്പെടുത്തി.
ചണ്ഡീഗഢിലെ ടെലിവിഷൻ ചാനലിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകയാണെന്ന് പറഞ്ഞ് ഒരു സ്ത്രീയാണ് ആദ്യം തന്നെ ബന്ധപ്പെട്ടതെന്നും ഇവരുമായി സ്ഥിരമായി ഫോൺ, വിഡിയോ സംഭാഷണങ്ങൾ നടത്തിവന്നിരുന്നതായും മോത്തി റാവു പൊലീസിനോട് വെളിപ്പെടുത്തി. അങ്ങനെയാണ് രഹസ്യവിവരങ്ങൾ കൈമാറാൻ തുടങ്ങിയത്. കുറച്ചുമാസങ്ങൾക്കു ശേഷം പാകിസ്താനിയായ ഒരു പുരുഷൻ ഈ സംഭാഷണം ഏറ്റെടുത്തു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസവുമായി ബന്ധപ്പെട്ട ഒന്നിലധികം രഹസ്യ രേഖകൾ, ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ, സൈനിക നീക്കങ്ങളെക്കുറിച്ചും ഭീകരരുടെ നീക്കങ്ങളുടെ സ്ഥലങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ എന്നിവയാണ് ഇങ്ങനെ കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.