തുർക്കിയിലേക്ക് ദുരന്ത നിവാരണ സേനയുമായി പോയ ഇന്ത്യൻ വിമാനത്തിന് പാകിസ്താൻ അനുമതി നിഷേധിച്ചു

ന്യൂഡൽഹി: തുർക്കി- സിറിയ ഭൂകമ്പ ബാധിത പ്രദേശത്തേക്ക് സഹായവുമായി പോയ ഇന്ത്യയുടെ എൻ.ഡി.ആർ.എഫ് വിമാനത്തിന് യാത്രാനുമതി നിഷേധിച്ച് പാകിസ്താൻ. പാക് വ്യോമ പരിധിയിലൂടെ യാത്ര ചെയ്യാൻ അധികൃതർ അനുമതി നൽകിയില്ല. പാകിസ്താൻ അനുമതി നിഷേധിച്ചതോടെ വഴി മാറി സഞ്ചരിച്ചാണ് ഇന്തയൻ എയർഫോഴ്സ് വിമാനത്തിന് തുർക്കിയിലെ അദാന വിമാനത്താവളത്തിൽ എത്താനായതെന്ന് ദേശീയ ദുരന്ത നിവാരണ സേന വ്യക്തമാക്കി.

രക്ഷാപ്രവർത്തകർ, ഡോഗ് സ്ക്വാഡുകൾ, മരുന്നുകൾ, മറ്റ് ദുരിതാശ്വാസ സാമഗ്രികൾ എന്നിവയുമായി സി -17 എന്ന വിമാനമാണ് തുർക്കിയിലേക്ക് യാത്ര പുറപ്പെട്ടത്. യു.പിയിലെ ഹിൻഡൻ വിമാനത്താവളത്തിൽ നിന്ന് യാത്ര തുടങ്ങിയ വിമാനം പാകിസ്താൻ അനുമതി നൽകാത്തതിനെ തുടർന്ന് വഴി തിരിച്ച് വിട്ടാണ് തുർക്കിയിലെത്തിയത്. വിമാനം ഇന്ന് രാവിലെ തുർക്കിയിൽ എത്തിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ട്വീറ്റ് ചെയ്തു. കൂടുതൽ ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ രണ്ടാമത്തെ വിമാനവും പുറപ്പെടാൻ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അമ്പതിലധികം എൻ‌.ഡി‌.ആർ‌.എഫ് സെർച്ച് ആൻഡ് റെസ്‌ക്യൂ അംഗങ്ങൾ, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകൾ, ഡ്രില്ലിംഗ് മെഷീനുകൾ, ദുരിതാശ്വാസ സാമഗ്രികൾ, മരുന്നുകൾ എന്നിവയാണ് ആദ്യ വിമാനത്തിൽ ഉണ്ടായിരുന്നത്.

ദുരിതബാധിതർക്ക് വൈദ്യസഹായം നൽകുന്നതിനായി ആഗ്ര ആസ്ഥാനമായുള്ള ആർമി ഫീൽഡ് ഹോസ്പിറ്റലിൽ നിന്ന് 89 അംഗങ്ങളുള്ള ഒരു മെഡിക്കൽ ടീമിനെ സൈന്യം സജ്ജമാക്കിയിട്ടുണ്ട്. ഓർത്തോപീഡിക് സർജിക്കൽ ടീം, ജനറൽ സർജിക്കൽ സ്പെഷ്യലിസ്റ്റ് ടീം, മെഡിക്കൽ സ്പെഷ്യലിസ്റ്റ് ടീമുകൾ എന്നിവയടങ്ങുന്ന ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് ടീമുകൾ ഉൾപ്പെടുന്നതാണ് സംഘം. പ്രധാന മെഡിക്കൽ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 

Tags:    
News Summary - Pak Denies Airspace to Indian Plane Carrying NDRF Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.