ന്യൂഡൽഹി: സീമാഞ്ചലിനെ പരിഗണിച്ചാൽ ബിഹാറിൽ എൻ.ഡി.എ സർക്കാറിനെ പിന്തുണക്കുമെന്ന് അഖിലേന്ത്യാ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം) മേധാവി അസദുദ്ദീൻ ഉവൈസി പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീമദാഞ്ചൽ മേഖലയിൽ മഹാസഖ്യത്തിന്റെ അടിമണ്ണിളക്കി തന്റെ പാർട്ടിയുടെ അഞ്ച് സീറ്റുകൾ നിലനിർത്തുകയും ഭൂരിഭാഗം സീറ്റുകളിൽ എൻ.ഡി.എ സ്ഥാനാർഥികൾ ജയിക്കാൻ വഴിയൊരുക്കുകയും ചെയ്ത ശേഷം ആദ്യമായാണ് എൻ.ഡി.എ സർക്കാറിനെ പിന്തുണക്കാൻ തയാറാണെന്ന് ഉവൈസി പ്രഖ്യാപിക്കുന്നത്.
എ.ഐ.എം.ഐ.എം സ്ഥാനാർഥി ജയിച്ച അമോറിൽ നടന്ന പൊതുയോഗത്തിലാണ് പ്രഖ്യാപനം. നിതീഷ് കുമാർ സർക്കാറിനെ എ.ഐ.എം.ഐ.എം പിന്തുണക്കാൻ തയാറാണ്. സീമാഞ്ചൽ മേഖലക്ക് നീതി ലഭിക്കണമെന്ന് മാത്രം. വികസനം തലസ്ഥാനമായ പട്നയിലും രാജ്ഗീറിലും മാത്രം ഒതുങ്ങരുത്. മണ്ണൊലിപ്പ്, കുടിയേറ്റം, കടുത്ത അഴിമതി എന്നിവയോട് പൊരുതുകയാണ് സീമാഞ്ചൽ. ഇവിടുത്തെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ എൻ.ഡി.എ സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട ഉവൈസി, തന്റെ പാർട്ടി എം.എൽ.എമാരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് കഴിഞ്ഞ താവണ നാല് എം.എൽ.എമാർ ആർ.ജെ.ഡിയിലേക്ക് കാലുമാറിയ അനുഭവം മുൻ നിർത്തി പറഞ്ഞു.
അഞ്ച് എം.എൽ.എമാരും ആഴ്ചയിൽ രണ്ട് ദിവസം നിയോജകമണ്ഡലങ്ങളുടെ ഓഫീസിൽ ഇരിക്കും. അവർ യഥാർഥത്തിൽ അവിടെ ഉണ്ടെന്ന് തത്സമയ വാട്സ്ആപ് ലൊക്കേഷനിലൂടെ ഫോട്ടോകൾ അയപ്പിച്ച് ഉറപ്പുവരുത്തും. ആറു മാസത്തിനകം ഇതാരംഭിക്കും. ഓരോ ആറ് മാസത്തിലും ഒരിക്കൽ താൻ നേരിട്ട് വരാൻ ശ്രമിക്കും. സാധാരണക്കാരെ കണ്ട് അഴിമതിക്കെതിരെ പോരാടും. സീമാഞ്ചലിലെ ജനങ്ങൾ പട്ടത്തിന്റെ കൂടെ തുടരുമെന്ന് പട്നക്ക് അറിയാമെന്നും ഉവൈസി കൂട്ടിച്ചേർത്തു.
മുസ്‍ലിംകൾ തിങ്ങിപ്പാർക്കുന്ന ബിഹാറിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള സീമാഞ്ചൽ മേഖലയിൽ ആകെയുള്ള 24 സീറ്റുകളിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 14ഉം നേടിയത് മഹാസഖ്യമായിരുന്നുവെങ്കിൽ ഇക്കുറി ഭൂരിഭാഗവും എൻ.ഡി.എ സഖ്യത്തിനാണ് ലഭിച്ചത്. അഞ്ച് സീറ്റുകൾ ഉവൈസി നിലനിർത്തുകയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും പിന്നാക്ക മേഖലയായ ഇവിടെ എല്ലാ വർഷവും കോസി നദിയിൽ വെള്ളം കയറി കരയെടുക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.