ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (എ.ബി- പി.എം- ജെ.എ.വൈ)യിൽ 4.6 ലക്ഷം വ്യാജ ക്ലെയിമുകൾ കണ്ടെത്തിയതോടെ സംസ്ഥാനങ്ങളോട് അന്വേഷണത്തിന് നിർദേശം നൽകി കേന്ദ്രം.
2023 സെപ്റ്റംബർ മുതൽ 2025 മാർച്ച് വരെയാണ് ഇത്രയും സംശയാസ്പദമായ ക്ലെയിമുകൾ ലഭിച്ചതെന്ന് നാഷനൽ ഹെൽത്ത് അതോറിറ്റി (എൻ.എച്ച്.എ) യുടെ കണക്കുകൾ വ്യക്തമാക്കുന്നു.
വ്യാജമെന്ന് വ്യക്തമായതിനെ തുടർന്ന് ഇക്കാലയളവിൽ 272 കോടി രൂപ ആവശ്യമായി വരുന്ന 1,33,611 ക്ലെയിമുകൾ നിരസിച്ചതായും എൻ.എച്ച്.എയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. സംശയാസ്പദമായി കണ്ടെത്തിയ 4,63,669 ഇൻഷുറൻസ് ക്ലെയിമുകളിൽ കൂടുതൽ അന്വേഷണത്തിന് എൻ.എച്ച്.എ ഡേറ്റകൾ കൈമാറി. ഏഴു വർഷം മുമ്പ് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി പശ്ചിമ ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. വിവിധ ചികിത്സകൾക്കായി അഞ്ചുലക്ഷം രൂപ വരെ സാമ്പത്തിക സംരക്ഷണം നൽകുന്നതാണ് പദ്ധതി. ഈ വർഷം മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 15.14 കുടുംബങ്ങളാണ് പദ്ധതിക്ക് കീഴിൽ ഉൾപ്പെട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.