ശ്രീനഗർ: 1990കളോടെ തീയറ്ററുകൾ കശ്മീർ ജനതക്ക് പേടി സ്വപ്നമായി മാറിയിരുന്നു. ചില തീവ്ര സംഘടനകൾ തീയറ്റർ ഉടമകളെ ഭീഷണിപ്പെടുത്തുകയും സിനിമ പ്രദർശനം വിലക്കുകയും ചെയ്തതോടെ മൂന്ന് പതിറ്റാണ്ടുകൾ അഭ്രപാളികളിൽ നിന്ന് കശ്മീർ ജനതക്ക് പിൻവാങ്ങേണ്ടി വന്നു.
എന്നാൽ സിനിമ പ്രേമികൾക്ക് സന്തോഷമേകുന്ന വാർത്തയാണ് ഇപ്പോൾ കശ്മീരിൽ. താഴ്വരയിലെ ആദ്യ മൾടിപ്ലക്സ് തീയറ്റർ സോനവാറിൽ തുറക്കുന്നു. ഐ.എൻ.ഒ.എക്സ് എന്ന മുഖ്യ തീയറ്റർ ശൃംഖലയാണ് നിർമാണത്തിന് പിന്നിൽ. മൂന്ന് ഹാളുകളും ഫുഡ് കോർട്ടും വിനോദത്തിനായുള്ള പ്രത്യേക സജ്ജീകരണങ്ങളും തീയറ്ററിൽ ഉണ്ടാകുമെന്ന് ഐ.എൻ.ഒ.എക്സ് ഉടമയായ വിജയ് ധർ പറഞ്ഞു. രണ്ട് തീയറ്ററുകൾ സെപ്തംബറിലും അടുത്തത് ഒക്ടോബറിലും പ്രവർത്തിച്ച് തുടങ്ങും.
1980കളുടെ അവസാന പകുതി വരെ കശ്മീരിൽ 12ഓളം സിനിമ ഹാളുകൾ ഉണ്ടായിരുന്നു. ശ്രീനഗറിലെ ബ്രോഡ്‌വേ, റീഗൽ, നീലം, പല്ലാഡിയം, ഫിർദൗസ്, ഷിറാസ്, ഖയാം, നാസ്, ഷാ എന്നിവയായിരുന്നു ഏറ്റവും പ്രശസ്തമായ സിനിമാശാലകൾ.
വടക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച തീയറ്റർ ഉണ്ടായിരുന്നിടമാണ് കശ്മീർ. അതി സുരക്ഷ മേഖലയിലാണ് തീയറ്ററുണ്ടായിരുന്നത്.
മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള സർക്കാർ 1999 ൽ സിനിമാ ഹാളുകൾ വീണ്ടും തുറക്കാൻ ശ്രമിച്ചു. റീഗൽ, നീലം, ബ്രോഡ്‌വേ എന്നിവയ്ക്ക് സിനിമകളുടെ ചിത്രീകരണം ആരംഭിക്കാൻ അനുമതി നൽകി. ഇതിന് പ്രതികാരമായി 1999 സെപ്തംബറിൽ ലാൽ ചൗക്കിലെ റീഗൽ സിനിമാസ് തീയറ്റർ തീവ്രവാദികൾ ഗ്രനേഡ് ആക്രമണത്തിൽ തകർക്കുകയും ഒരാൾ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ തീയറ്ററുകളിലേക്ക് ആളെത്താതെയായി. പിന്നീട് നീലം, ബ്രോഡ് വെ എന്നീ തീയറ്ററുകൾ തുറക്കാൻ ശ്രമം നടത്തിയെങ്കിലും കാണികൾ ഇല്ലാത്തത് കാരണം പൂട്ടുകയായിരുന്നു.
കഴിഞ്ഞ വർഷം സർക്കാർ 'ജമ്മു കശ്മീർ സിനിമ വികസന അതോറിറ്റി(ജെ.കെ.സി.ഡി.എ)' രൂപവത്കരിക്കുകയും ചിത്രീകരണം അടക്കം സിനിമയുമായി ബന്ധപ്പെട്ട എല്ലാ പുരോഗമനവും താഴ്വരയിൽ കൊണ്ടുവരുന്നതിനായി മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തു. ജെ.കെ.സി.ഡി.എയുടെ ഉദ്ഘാടനത്തിനെത്തിയത് ബോളിവുഡ് താരം ആമിർ ഖാനും സംവിധായകൻ രാജ്കുമാർ ഹിരാനിയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.