റായ്പുർ: ഛത്തീസ്ഗഢിൽ ഉടനീളമുള്ള 18,500 തടവുകാർ മഹാകുംഭം നടക്കുന്ന പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽനിന്ന് കൊണ്ടുവന്ന വെള്ളം ഉപയോഗിച്ച് ‘വിശുദ്ധ സ്നാനം’ നടത്തിയതായി അധികൃതർ.
അഞ്ച് സെൻട്രൽ ജയിലുകൾ, 20 ജില്ലാ ജയിലുകൾ, എട്ട് സബ് ജയിലുകൾ എന്നിങ്ങനെ 33 ജയിലുകളിലായി സജ്ജീകരിച്ച പ്രത്യേക ‘കുണ്ഡ്’ (ടാങ്ക്)ലാണ് ‘പുണ്യ സ്‌നാനം’ നടത്തിയതെന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ എസ്.എസ്. ടിഗ്ഗ പറഞ്ഞു.
പ്രയാഗ്‌രാജിൽ നിന്നുള്ള ‘പവിത്രജലം’ ടാങ്കുകളിലെ സാധാരണ വെള്ളത്തിൽ കലർത്തി. ദുർഗ്, ബിലാസ്പൂർ, സർഗുജ, കബീർധാം ജില്ലകളിലെ ജയിലുകളിൽ നിന്നുള്ള വിഡിയോകളിൽ പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച ‘സ്നാൻ കുണ്ഡുകൾ’ കാണിക്കുന്നു. കുളിക്കുന്നതിന് മുമ്പായി അവർ പ്രാർത്ഥിക്കുന്നതും കാണാം.
ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി വിജയ് ശർമയാണ് ജയിലുകളിൽ വിതരണം ചെയ്ത വിശുദ്ധജലം പ്രയാഗ്‌രാജിൽനിന്ന് എത്തിച്ചതെന്ന് ടിഗ്ഗ പറഞ്ഞു. ‘ഹർ ഹർ ഗംഗേ’ എന്ന് ജപിക്കുകയും കുളിക്കാനുള്ള ക്രമീകരണത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്ത തടവുകാർക്കിടയിൽ വളരെയധികം ആവേശം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മാഗംഗയിലെ ജലം ഉപയോഗിച്ച് പുണ്യസ്നാനം ചെയ്യാൻ ഞങ്ങൾക്ക് അവസരം ലഭിച്ചതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്. ഞങ്ങളുടെ ജീവിതത്തിൽ ഇത്തരമൊരു അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. സർക്കാറിന്റെയും ജയിൽ ഭരണകൂടത്തിന്റെയും മുൻകൈകൊണ്ട് ഇത് സാധ്യമായി’ -റായ്പൂർ സെൻട്രൽ ജയിലിലെ തടവുകാരനായ ഘാസിറാം യാദവ് പറഞ്ഞു.
‘ഇവിടെയുള്ള 239 തടവുകാരും പുണ്യസ്നാനം നടത്തി. തടവുകാരെ ആത്മീയ ശുദ്ധീകരണം അനുഭവിപ്പിക്കുകയും അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ഉദ്ദേശ്യം. ഗംഗാ നദിയിലെ ജലം ഇന്ത്യൻ സംസ്കാരത്തിൽ പവിത്രമായും ശുദ്ധീകരണത്തിന്റെ പ്രതീകമായും കണക്കാക്കപ്പെടുന്നുവെന്നും’ ധംതാരി ജില്ലാ ജയിലിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
‘ഗംഗാജൽ’ കൊണ്ടുള്ള കുളി തടവുകാർക്ക് മാനസിക സമാധാനം നൽകുമെന്നും അവരെ ആത്മീയമായി ശക്തിപ്പെടുത്തുമെന്നും സ്വയം പരിവർത്തനം കൊണ്ടുവരാനും പോസിറ്റീവ് ചിന്തകൾ സ്വീകരിക്കാനും മുഖ്യധാരയിൽ ചേർന്ന് മെച്ചപ്പെട്ട ജീവിതം നയിക്കാനും അവരെ പ്രചോദിപ്പിക്കുമെന്നും ജയിൽ ഭരണകൂടം വിശ്വസിക്കുന്നതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.