ന്യൂഡൽഹി: കോവിഡ് മഹാമാരി കാരണം വിസ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും കഴിഞ്ഞ വർഷം 15 ലക്ഷത്തിലധികം വിദേശികൾ ഇന്ത്യയിലെത്തിയതായി ആഭ്യന്തര മന്ത്രാലയം. അമേരിക്കയിൽനിന്നാണ് ഏറ്റവും കൂടുതൽ പേരെത്തിയത്. 4.29 ലക്ഷം അമേരിക്കക്കാർ ഇന്ത്യ കാണാനെത്തി. രണ്ടാം സ്ഥാനം ബംഗ്ലാദേശിനാണ്. 2.4 ബംഗ്ലാദേശ് പൗരന്മാരാണ് ഇന്ത്യ സന്ദർശിച്ചത്. ബ്രിട്ടൻ, കാനഡ, നേപ്പാൾ എന്നിവ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനത്തുണ്ട്.
2021 ജനുവരി ഒന്നുമുതൽ ഡിസംബർ 31വരെ 15,24,469 വിദേശ പൗരന്മാർ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇതിൽ 74.39 ശതമാനം പേരും 10 രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അഫ്ഗാനിസ്താൻ, ആസ്ട്രേലിയ, ജർമനി, പോർചുഗൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽനിന്നും ധാരാളം പേർ ഇന്ത്യയിലെത്തി.
കോവിഡ് മഹാമാരി കാരണം 2020 മാർച്ച് 25 മുതൽ ഏപ്രിൽ 21 വരെ എല്ലാ അന്താരാഷ്ട്ര വിമാന സർവിസുകളും താൽക്കാലികമായി നിർത്തിവെച്ചിരുന്നു. 2020 ജൂൺ മുതൽ വിമാന സർവിസുകൾ ക്രമേണ പുനരാരംഭിച്ചെങ്കിലും 2022 മാർച്ച് വരെ ഭാഗിക നിയന്ത്രണങ്ങൾ തുടർന്നു. മഹാമാരി പ്രതിരോധത്തിന്‍റെ ഭാഗമായി വിസ അനുവദിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 2021 മാർച്ചിൽ 156 രാജ്യങ്ങളിലെ പൗരന്മാർക്കായി എം.എച്ച്.എ ഇ-വിസ സംവിധാനം പുനഃസ്ഥാപിച്ചു. പിന്നീട് ഒക്ടോബർ 15 മുതൽ ടൂറിസ്റ്റ്, ഇ-ടൂറിസ്റ്റ് വിസകളും അനുവദിച്ചു. ഇതിനുപുറമെ ജപ്പാൻ, ദക്ഷിണ കൊറിയ, യു.എ.ഇ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്കുകൂടി വിസ ഓൺ അറൈവൽ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പാകിസ്താനിൽനിന്നുള്ള 65 വയസ്സ് കഴിഞ്ഞയാൾക്ക് അട്ടാരി ചെക്ക്പോസ്റ്റ് വഴി കാൽനടയായി ഇന്ത്യയിലേക്ക് കടക്കുന്നതിന് 45 ദിവസത്തെ വിസയും അനുവദിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.