ന്യൂഡല്‍ഹി: കായംകുളം കട്ടച്ചിറ പള്ളി കേസില്‍ ഓര്‍ത്തഡോക്സ് സഭക്ക് അനുകൂലമായി സുപ്രീംകോടതി വിധി. 1934ലെ സഭാ ഭരണഘടന പ്രകാരം അധികാരമേറ്റ ബിഷപ്പിന് മാത്രമേ വികാരിയെ നിയമിക്കാനാകൂവെന്ന് ആരാധന തര്‍ക്കവുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, ആര്. ഭാനുമതി, നവീന്‍ സിന്‍ഹ എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു.
സഭാ തര്‍ക്കങ്ങള്‍ സംബന്ധിച്ച് 1958, 1995, 2017 വര്‍ഷങ്ങളില്‍ വന്ന സുപ്രീംകോടതി വിധി ശരിവെക്കുന്നതാണ് മൂന്നംഗ ബെഞ്ചിെൻറ തീരുമാനം. മലങ്കര സഭക്കുകീഴിലെ പള്ളികള്‍ 1934ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കട്ടച്ചിറ പള്ളിയിലെ സഭാ തര്‍ക്ക കേസില്‍ യാക്കോബായ സഭക്ക് അനുകൂലമായി 2000ല്‍ കേരള ഹൈകോടതി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ഓര്‍ത്തഡോക്സ് സഭ നല്കിയ ഹരജിയിലാണ് 18 വര്‍ഷത്തിനുശേഷം അവർക്കനുകൂലമായ സുപ്രീംകോടതി വിധി വന്നത്.
സഭാ ഭരണഘടന ബാധകമല്ലെന്നും യാക്കോബായ ബിഷപ്പിന് വികാരിയെ നിയമിക്കാമെന്നുമുള്ള ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഹൈകോടതി വിധി 2000ല്‍തന്നെ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ പ്രകാരം വികാരിയെ നിയമിക്കാനും ആരാധന നടത്താനും അവകാശമുണ്ടെന്ന യാക്കോബായ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. ഓര്‍ത്തഡോക്സ് സഭക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് സി.യു. സിങ്, അഡ്വ. ഇ.എം.എസ്. അനാം എന്നിവരും യാക്കോബായ സഭക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ശ്യാം ദിവാന്, അഡ്വ. എ. രഘുനാഥ് എന്നിവരും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.