അമുസ്‌ലിം കുട്ടികളുള്ള മദ്റസകളെക്കുറിച്ച് അന്വേഷിക്കാൻ നിർദേശം

ന്യൂഡൽഹി: അമുസ്‌ലിം കുട്ടികളെ പ്രവേശിപ്പിക്കുന്ന, സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്നതും അംഗീകൃതവുമായ മദ്റസകളെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ദേശീയ ബാലാവകാശ കമീഷൻ (എൻ.സി.പി.സി.ആർ) നിർദേശിച്ചു.

മറ്റു സമുദായങ്ങളിലെ കുട്ടികൾ ഇത്തരം മദ്റസകളിൽ പഠിക്കുന്നുണ്ടെന്നും ചില സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അവർക്ക് സ്കോളർഷിപ് നൽകുന്നതായും ദേശീയ ബാലാവകാശ കമീഷൻ ചെയർപേഴ്സൻ പ്രിയങ്ക് കനൂംഗോ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

രക്ഷിതാവിന്റെ സമ്മതമില്ലാതെ കുട്ടികളെ മതപരമായ പ്രബോധനത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നതിൽനിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് 28 (3)ന്റെ വ്യക്തമായ ലംഘനവുമാണിതെന്നും കത്തിൽ പറയുന്നു.

സ്ഥാപനങ്ങൾ എന്ന നിലയിൽ കുട്ടികൾക്ക് മതവിദ്യാഭ്യാസം പകർന്നുകൊടുക്കാൻ മദ്റസകൾക്ക് ഉത്തരവാദിത്തമുണ്ട്.

സർക്കാർ ധനസഹായമുള്ളതോ അംഗീകൃതമോ ആയ മദ്റസകൾ കുട്ടികൾക്ക് മതപരവും ഒരു പരിധിവരെ ഔപചാരികവുമായ വിദ്യാഭ്യാസം നൽകുന്നുണ്ട്. അതിനാൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അമുസ്‌ലിം കുട്ടികളെ പ്രവേശിപ്പിക്കുന്ന സർക്കാർ ധനസഹായമുള്ളതും അംഗീകൃതവുമായ മദ്റസകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് കത്തിലെ നിർദേശം.

Tags:    
News Summary - order to inquire about Madrasas having non-Muslim children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.