ന്യൂഡൽഹി: തങ്ങൾ ഉത്തരവ് പുറപ്പെടുവിച്ചിട്ടും വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ആരും നടപടിയെടുക്കുന്നില്ലെന്ന് സുപ്രീംകോടതി. ഓരോ തവണയും ഈ വിഷയത്തിൽ കോടതിയെ സമീപിച്ചാൽ സുപ്രീംകോടതി വീണ്ടും വീണ്ടും നാണം കെടുകയായിരിക്കും ഫലമെന്നും ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ഈമാസം അഞ്ചിന് മുംബൈയിൽ ഹിന്ദു ജൻ ആക്രോശ് മോർച്ച നടത്താനിരിക്കുന്ന റാലി നിരോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. ഹരജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ബെഞ്ച് സമ്മതിച്ചു. വിദ്വേഷപ്രസംഗം സംബന്ധിച്ച് വ്യക്തമായ ഉത്തരവ് ഇതിനകം കോടതി നൽകിയിട്ടുണ്ട്. രാജ്യത്തുടനീളം ഇത്തരം റാലികൾ നടക്കുമ്പോഴെല്ലാം തങ്ങളെ സമീപിച്ചാൽ എങ്ങനെയിരിക്കുമെന്നും സുപ്രീംകോടതി ചോദിച്ചു.
കുറച്ചുദിവസങ്ങൾക്കുമുമ്പ് സമാനമായ റാലി നടന്നിരുന്നുവെന്നും അതിൽ 10,000 പേർ പങ്കെടുത്തിരുന്നുവെന്നും മുസ്‍ലിം സമുദായങ്ങളെ സാമ്പത്തികമായും സാമൂഹികമായും ബഹിഷ്കരിക്കാൻ റാലിയിൽ ആഹ്വാനമുണ്ടായതായും ഹരജിക്കാരിയായ അഭിഭാഷക ചൂണ്ടിക്കാട്ടി. ഹരജിയുടെ പകർപ്പ് മഹാരാഷ്ട്ര സർക്കാറിന്റെ അഭിഭാഷകന് നൽകാൻ നിർദേശിച്ച കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവിന് വിധേയമായി ഹരജി വെള്ളിയാഴ്ച ലിസ്റ്റ് ചെയ്യുമെന്നും പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ 21നാണ് വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ സുപ്രീംകോടതി ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാറുകളോട് നിർദേശിച്ചത്. ഇന്ത്യ മതേതര രാഷ്ട്രമാണെന്നാണ് ഭരണഘടന വിഭാവനം ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഗുരുതരമായ ഈ വിഷയത്തിൽ നടപടിയെടുക്കുന്നതിൽ ഭരണകൂടം അലംഭാവം കാണിച്ചാൽ കോടതിയലക്ഷ്യ നടപടികൾ ക്ഷണിച്ചുവരുത്തുമെന്നും കോടതി അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.