ജയലളിതയെക്കുറിച്ച് ഒന്നും മിണ്ടരുതെന്ന് മന്ത്രിമാർക്ക് താക്കീത്

ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള വിവാദങ്ങൾ ആളിക്കത്തിക്കൊണ്ടിരിക്കുന്നതിനിടെ ഇതേക്കുറിച്ച് ഒന്നും പറയേണ്ടെന്ന് മന്ത്രിമാരോട് എ.ഐ.എ.ഡി.എം.കെയുടെ താക്കീത്. ജയലളിത അപ്പോളോ ആശുപത്രിയിൽ കഴിഞ്ഞ സെപ്തംബർ 22 മുതൽ ഡിസംബർ അഞ്ച് വരെയുള്ള ദിവസങ്ങളെക്കുറിച്ച് അഭിപ്രായപ്രകടനമൊന്നും വേണ്ടെന്നാണ് താക്കീത്. 

തമിഴ്നാട് നിയമമന്ത്രി എ.വി. ഷൺമുഖത്തിനോട് ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് ചോദിച്ച ചോദ്യത്തിന് സ്വതന്ത്ര അന്വേഷണ കമ്മീഷന്‍റെ  റിപ്പോർട്ടിനുവേണ്ടി കാത്തിരിക്കുകയാണ് എന്നായിരുന്നു ഉത്തരം. എന്നാൽ ഇക്കാര്യത്തിൽ ഉണ്ടായ വിരുദ്ധ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.

കഴിഞ്ഞ ആഴ്ച വനംമന്ത്രി സി. ശ്രീനിവാസൻ ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് താൻ നേരത്തേ പറഞ്ഞത് കള്ളമായിരുന്നു എന്ന വ്യക്തമാക്കിയപ്പോൾ മുതലാണ് ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചർച്ച തമിഴ്നാട്ടിൽ സജീവമായത്.

താൻ ജയലളിതയെ കണ്ടെന്നും അവർ ഇഡ്ഢലി കഴിച്ചുകൊ്ണ്ടിരിക്കുകയാണ് എന്ന് പറഞ്ഞത് കളവാണെന്നായിരുന്നു ശ്രീനിവാസൻ പറഞ്ഞത്. ശശികല മാത്രമാണ് ജയലളിതയെ സന്ദർശിച്ചിരുന്നത് എന്നും പാർട്ടിയുടെ കെട്ടുറപ്പിന് വേണ്ടിയാണ് താൻ കള്ളം പറഞ്ഞതെന്നും ശ്രീനിവാസൻ പറഞ്ഞു.

ഒക്ടോബർ ഒന്ന് മുതൽ ശശികലക്കും ജയലളിതയെ കാണാൻ അനുവാദമുണ്ടായിരുന്നില്ല എന്നും ഡോക്ടർമരുടെ അനുമതിയോടെ രണ്ട് മിനിറ്റ് മാത്രമാണ് ജയലളിതയെ സന്ദർശിക്കാൻ ശശികലയെ അനുവദിച്ചിരുന്നതെന്നും അവകാശപ്പെട്ട് ശശികലയുടെ മരുമകൻ ടി.ടി.വി ദിനകരൻ രംഗത്തെത്തി.

തുടർന്നാണ് എടപ്പാടി സർക്കാർ ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് എ. അറുമുഖസ്വാമി അധ്യക്ഷനായി കമ്മീഷൻ രൂപീകരിച്ചത്.  

Tags:    
News Summary - Order by AIADMK? Ministers Evade Questions on Jayalalithaa’s Death-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.