തിരുവനന്തപുരം: പി.എം ശ്രീ ഒപ്പിടൽ വിവാദത്തിന് പിന്നാലെ ഇടതുസർക്കാറിന്റെ ഒമ്പതര വർഷത്തിനിടെ ആദ്യമായി വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മുഖ്യാതിഥിയായി എത്തുന്നു. ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന ‘കേരള എജ്യുക്കേഷൻ കോൺക്ലേവ് 2026’ലേക്കാണ് മന്ത്രി വി. ശിവൻകുട്ടി ഡൽഹിയിലെത്തി ധർമേന്ദ്രപ്രധാനെ നേരിട്ട് ക്ഷണിച്ചത്.
നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികളിലൊന്നിലും കേന്ദ്രമന്ത്രിമാരെ പങ്കെടുപ്പിക്കാറില്ലായിരുന്നു. വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പ്രത്യക്ഷ കാവിവത്കരണ നീക്കങ്ങളോടുള്ള എതിർപ്പിന്റെ ഭാഗമായിട്ടായിരുന്നു വിദ്യാഭ്യാസ മേഖലയിലേക്ക് കേന്ദ്രമന്ത്രിമാർക്ക് ‘നോ എൻട്രി’ ഏർപ്പെടുത്തിയിരുന്നത്.
കാവിവത്കരണ അജണ്ട ശക്തമാക്കുന്നതിന്റെ ഭാഗമായി ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവന്നപ്പോൾ ഏറ്റവും ശക്തമായ എതിർപ്പും കേരളത്തിൽനിന്നാണ് ഉയർന്നത്. നയം അടിസ്ഥാനപ്പെടുത്തിയുള്ള നിർദേശങ്ങളെയെല്ലാം കേരളം അവഗണിക്കുകയുമായിരുന്നു. എന്നാൽ, സമഗ്രശിക്ഷ പദ്ധതിയിലെ കേന്ദ്രഫണ്ട് തടഞ്ഞത് വിട്ടുകിട്ടാനായി പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാൻ നിർബന്ധിതമായതോടെയാണ് മാറ്റം കണ്ടുതുടങ്ങിയത്. ദേശീയ വിദ്യാഭ്യാസ നയത്തിന് കുഴപ്പമില്ലെന്ന് പറഞ്ഞ് ന്യായീകരിച്ച മന്ത്രി ശിവൻകുട്ടി, പി.എം ശ്രീയിൽ ഒപ്പിട്ടതിൽനിന്ന് പിൻമാറാനാകില്ലെന്ന നിലപാടിലുമാണ്.
ദേശീയ വിദ്യാഭ്യാസ നയം പൂർണമായും സംസ്ഥാനത്താകെ നടപ്പാക്കാമെന്ന വ്യവസ്ഥയുള്ള ധാരണാപത്രമാണ് പി.എം ശ്രീക്ക് വേണ്ടി കേരളം ഒപ്പിട്ടുനൽകിയത്. ഇതിനുപിന്നാലെയാണ് വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രസർക്കാറിന്റെ കാവിവത്കരണ അജണ്ട നടപ്പാക്കാൻ നേതൃത്വം നൽകുന്ന മന്ത്രി ധർമേന്ദ്ര പ്രധാനെ കേരളത്തിലേക്ക് ക്ഷണിക്കുന്നതും.
നേരത്തെ ധർമേന്ദ്രപ്രധാനെ നേരിൽ കണ്ട് തടഞ്ഞുവെച്ച ഫണ്ട് വിട്ടുനൽകണമെന്ന് മന്ത്രി ശിവൻകുട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും പി.എം ശ്രീയിൽ ഒപ്പിടാതെ പണം നൽകില്ലെന്ന കടുത്ത നിലപാടിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.