ബി. സുദർശൻ റെഡ്ഡി

ഞാനൊരു അരാഷ്ട്രീയവാദിയല്ല, വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നവരെ അങ്ങനെ വിളിക്കാനാകില്ല; ബി. സുദർശൻ റെഡ്ഡി

ഹൈദരാബാദ്: താനൊരു അരാഷ്ട്രീയവാദിയല്ലെന്നും ഭരണഘടനയുടെ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ജനാധിപത്യ വാദിയാണെന്നും ഇൻഡ്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയും സുപ്രീംകോടതി മുൻ ജസ്റ്റിസ് ബി. സുദർശൻ  റെഡ്ഡി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ധ്യസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായതിൽ സന്തോഷമുണ്ടെന്നും മികച്ച രീതിയിൽ തന്നെ പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ബഹുസ്വരതയാണ് ഇന്ത്യയുടെ മുഖമുദ്ര. വ്യത്യസ്ത സംസ്കാരങ്ങളുടെയും ഭാഷകളുടെയും മതങ്ങളുടെയും സമന്വയമാണ് ഇന്ത്യയെ വ്യത്യസ്തമാക്കുന്നത്. അതിനാൽ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് അതിപ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 63 ശതമാനത്തിലേറെ ജനങ്ങളെയാണ് ഇൻഡ്യ സഖ്യം പ്രതിനിധീകരിക്കുന്നത്. ഒരു പാർട്ടിയിലും അംഗത്വമില്ലാത്ത എന്നെ അവർ ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കിയതിൽ വളരെ സന്തോഷമുണ്ട്. മുതിർന്ന കോൺ​ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയാണ് സ്ഥാനാർഥിയാക്കുന്ന കാര്യം അറിയിച്ചത്. അത് ബഹുമതിയായി കാണുന്നു.

ഭരണഘടന നിയമത്തെ ഗൗരവമായി സമീപിക്കുന്ന ഒരു വിദ്യാർഥിയാണ് താനെന്നും കുറച്ചുകൂടി വിശാലമായി പറഞ്ഞാൽ ഒരു ലിബറൽ ഭരണഘടനാ ജനാധിപത്യവാദിയാണെന്നും സുദർശൻ പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയെയും പ്രതിനിധീകരിക്കുന്നില്ല എങ്കിലും തന്നെ അരാഷ്ട്രീയവാദി എന്ന് വിളിക്കാനാകില്ല. വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്ന ഒരാളെയും അരാഷ്ട്രീയ വാദി എന്ന് വിളിക്കാനാകില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പാർട്ടിയുമായും മതവുമായും എനിക്ക് ബന്ധമില്ല. അത് എന്നെ മാത്രം സംബന്ധിക്കുന്ന കാര്യമാണ്.

ഭരണഘടനയിലും അതിന്റെ മൂല്യങ്ങളിലും വലിയ വിശ്വാസമുണ്ട്. ആ മൂല്യങ്ങളിൽ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉൾപ്പെടുന്നു. നമ്മുടേത് ഒരു ബഹുസ്വര, ബഹുഭാഷാ, ബഹുമത സമൂഹമാണ്. സാഹോദര്യത്തിന്റെ മൂല്യവും ഏറെ പ്രധാനമാണ്. ഭരണഘടന അത് ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Opposition Vice President pick B Sudershan Reddy interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.