ന്യൂഡൽഹി: സർക്കാർ മാധ്യമമായ ദൂരദർശനും ആകാശവാണിയും ഉപയോഗിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രീയാരോപണങ്ങൾ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുകയും ചെയ്തു.
അസ്വസ്ഥനും ചകിതനുമായ മോദി രാഷ്ട്രത്തോടുള്ള ഔദ്യോഗിക അഭിസംബോധന രാഷ്ട്രീയ പ്രസംഗമാക്കി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. തന്റെ എതിരാളികളെ ആക്രമിക്കാനാണ് ഔദ്യോഗിക സംവിധാനങ്ങളെ മോദി ഉപയോഗിച്ചതെന്നും ഇത് ഭരണഘടനയെയും ജനാധിപത്യത്തെയും പരിഹാസ്യമാക്കുന്നതാണെന്നും ഖാർഗെ കുറ്റപ്പെടുത്തി. തന്റെ പ്രസംഗത്തിൽ 59 തവണ കോൺഗ്രസിനെ പറഞ്ഞ മോദി സ്ത്രീ എന്ന ശബ്ദം ഉപയോഗിച്ചത് വളരെ കുറച്ചാണെന്നും ഖാർഗെ തുടർന്നു. രാജ്യത്തോട് കള്ളം പറയുന്നത് അവസാനിപ്പിച്ച് പ്രധാനമന്ത്രി ലോക്സഭയിൽ നിലവിലുള്ള 543 സീറ്റുകളിൽ വനിതാ സംവരണം നടപ്പാക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമത്തെ രാഷ്ട്രീയ പ്രസംഗത്തിനായി ദുരുപയോഗം ചെയ്ത പ്രധാനമന്ത്രിയുടെ പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ രാജ്യസഭാ കക്ഷി നേതാവ് എ. സന്തോഷ് കുമാർ, കേരളത്തിലെ കോൺഗ്രസ് നേതാവ് അനിൽ അക്കരെ എന്നിവർ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ നാലാം വകുപ്പിന്റെ ലംഘനമാണ് ഇതിലൂടെ മോദി നടത്തിയിരിക്കുന്നതെന്ന് എം.എ. ബേബി കമീഷനുള്ള പരാതിയിൽ ചൂണ്ടിക്കാട്ടി. സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പ്രധാനമന്ത്രിക്കെതിരെ നടപടി എടുക്കണമെന്ന് ബേബി ആവശ്യപ്പെട്ടു.അഞ്ച് സംസ്ഥാനങ്ങളിൽ പെരുമാറ്റച്ചട്ടം നിലവിലിരിക്കേ ദൂരദർശനും ലോക്സഭാ ടി.വിയും രാഷ്ട്രീയ പ്രസംഗത്തിനുപയോഗിച്ചത് സർക്കാർ വിഭവങ്ങളുടെ ദുരുപയോഗത്തിൽപ്പെടുമെന്ന് എ. സന്തോഷ് കുമാർ എം.പി കമീഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.