കപിൽ ദേവിനെ ലോകകപ്പ് ഫൈനൽ മത്സരം കാണാൻ ക്ഷണിക്കാതിരുന്നതിന് പിന്നിൽ രാഷ്ട്രീയം; വിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി: ഇന്ത്യക്ക് ആദ്യ ലോകകപ്പ് കിരീടം സമ്മാനിച്ച കപിൽ ദേവിനെ ഇന്ത്യ-ആസ്ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരം കാണാൻ ക്ഷണിക്കാതിരുന്നതിൽ ബി.സി.സി.ഐക്കെതിരെ വിമർശനവുമായി കോൺഗ്രസ്. കപിൽ ദേവിനെ ക്ഷണിക്കാത്തതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.എൽ.എയുമായ വിജയ് വഡേത്തിവാർ പറഞ്ഞു.

"ഇന്ന് എല്ലായിടത്തും രാഷ്ട്രീയമാണ്. അപ്പോൾ ക്രിക്കറ്റിനെ മാത്രം എങ്ങനെ ഒഴിവാക്കാൻ സാധിക്കും? ക്രിക്കറ്റിലും രാഷ്ട്രീയമുണ്ട്. അതുകൊണ്ടാണ് കപിൽ ദേവിനെ ക്ഷണിക്കാതിരുന്നത്" - അദ്ദേഹം പറഞ്ഞു.

ലോകകപ്പ് അവസാന മാച്ച് കാണാൻ ക്ഷണിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് കപിൽ ദേവും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്നെ ബി.സി.സി.ഐ ക്ഷണിച്ചില്ലെന്നും 83ലെ ടീം മുഴുവൻ തന്നോടപ്പം അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോയെന്നും കപിൽ പറഞ്ഞിരുന്നു.

"എന്നെ അവിടേക്ക് ക്ഷണിച്ചിട്ടില്ല. അവർ എന്നെ വിളിച്ചില്ല, അതിനാൽ ഞാൻ പോയില്ല. അതു പോലെ എളുപ്പം. 83 ടീം മുഴുവനും എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു, പക്ഷേ ഇതൊരു വലിയ സംഭവമായതിനാലും ആളുകൾ ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുന്ന തിരക്കിലായതിനാലും ചിലപ്പോൾ അവർ മറക്കും,” ദേവ് പറഞ്ഞു.

അതേസമയം സംഭവത്തിൽ ബി.സി.സി.ഐയിൽ നിന്നും ഐ.സി.സിയിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ട് ശിവസേന യു.ബി.ടി നേതാവ് സഞ്ജയ് റാവുത്ത് രംഗത്തെത്തിയിരുന്നു. കപിൽ ദേവിനെ ഫൈനൽ മത്സരം കാണാൻ ക്ഷണിക്കാതിരുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇതിലും വലിയ നാണക്കേട് രാജ്യത്തിന് ഉണ്ടാകാനില്ലെന്നും റാവുത്ത് പറഞ്ഞു. ബി.സി.സി.ഐയും ഐ.സി.സിയും മുഴുവൻ ക്രിക്കറ്റ് ലോകത്തോടും വിശദീകരണം നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കപിൽ ദേവിനെ ലോകകപ്പ് ഫൈനൽ മത്സരം കാണാൻ ക്ഷണിക്കാതിരുന്നത് അപലപനീയമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു. മനസിലുള്ളത് തുറന്ന് പറയുന്ന വ്യക്തിയാണ് കപിൽ ദേവ്. അടുത്തിടെ അദ്ദേഹം വനിതാ ഗുസ്തിതാരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നുവെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.

ആറാം തവണയാണ് ഏകദിന ലോകകപ്പ് കിരീടം ഓസീസ് ഷോക്കേസിലെത്തുന്നത്. ഇന്ത്യയെ ആറ് വിക്കറ്റിനാണ് ആസ്ട്രേലിയ തകർത്തത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു മത്സരം. 

Tags:    
News Summary - Opposition slams BCCI for not inviting Kapil Dev to watch final world cup match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.