ന്യൂഡൽഹി: ഉന്നാവിൽ ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടിയും കുടുംബവും വാഹനാപകടത്തിൽപെട്ട സംഭവത്തിൽ പ്ര തിഷേധം തുടരുന്നു. ലോക്സഭയിലും രാജ്യസഭയിലും കഴിഞ്ഞ ദിവസത്തേതു പോലെ ചൊവ്വാഴ്ചയും പ്രതിപക്ഷം പ്രതിഷേധം ഉയർത്തി.
ഉന്നാവ് അപകടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും അനുമതി ലഭിച്ചില്ല. കോൺഗ്രസ് എം.പി അധീർ രഞ്ജൻ ചൗധരിയാണ് അമിത് ഷായുടെ വിശദീകരണം ആവശ്യപ്പെട്ടത്.
അപകടം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണെന്നും പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ലോക്സഭയെ അറിയിച്ചു.
പാർലമെന്‍റിൽ കഴിഞ്ഞ ദിവസം പ്രധാന പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. ഇരയെയും കുടുംബത്തെയും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ബി.ജെ.പിക്കും ഉത്തർപ്രദേശിലെ യോഗി സർക്കാറിനുമെതിരെയാണ് പ്രതിപക്ഷ വിമർശനം നീളുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിമാരായ മായാവതി, അഖിലേഷ് യാദവ് എന്നിവർ ബി.ജെ.പി സർക്കാറിനെ രൂക്ഷമായി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.