രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധി: പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ച് കോൺഗ്രസ്

ന്യൂഡൽഹി: അപകീർത്തിക്കേസിൽ കോടതി രാഹുൽ ഗാന്ധിക്ക് ജയിൽ ശിക്ഷ വിധിച്ച സംഭവത്തിൽ പ്രതിപക്ഷ​ നേതാക്കളുടെ യോഗം വിളിച്ച് കോൺഗ്രസ്. വെള്ളിയാഴ്ച രാവിലെ 10ന് യോഗം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത് വെറുമൊരു നിയമ പ്രശ്നം മാത്രമല്ല, ഇത് വളരെ ഗൗരവമുള്ള രാഷ്ട്രീയ പ്രശ്നം കൂടിയാണ്. അത് നമ്മുടെ ജനാധിപത്യത്തിന്റെ ഭാവി കൂടി ബന്ധപ്പെടുന്നതാണ്. ഇത് മോദിയുടെ രാഷ്ട്രീയ പകയുടെ, രാഷ്ട്രീയ ഭീഷണിയുടെ, വിരട്ടലിന്റെ, വേട്ടയാടലിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. -മുതിർന്ന നേതാവ് ജയറാം രമേശ് പറഞ്ഞു.

ഇന്നലെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ പാർട്ടി നേതാക്കൻമാരുടെ യോഗം ചേർന്ന് വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കേണ്ട പ്രതിഷേധം സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു.

ഇന്ന് 11.30ന് എല്ലാ പ്രതിപക്ഷ പാർട്ടികളും പാർല​മെന്റിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് ചെയ്യും. വിഷയം രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ മുമ്പാകെ അവതരിപ്പിക്കാൻ സമയം ചോദിച്ചിട്ടുണ്ടെന്നും കോൺഗ്രസ് വ്യക്തമാക്കി.

ഈ വിഷയത്തിൽ നിയമ പോരാട്ടവും തുടരും. ഞങ്ങൾക്ക് നിയമം നൽകുന്ന എല്ലാ അവകാശവും ഉപയോഗിക്കും. എന്നാൽ ഇതിന് രാഷ്ട്രീയ പശ്ചാത്തലം കൂടിയുണ്ട്. ഞങ്ങൾ നേരിട്ട് യുദ്ധം ചെയ്യും. ഒരിക്കലും പിന്നോട്ടടിക്കില്ല. ഞങ്ങൾ ഭയക്കില്ല. ഇത് വലിയ രാഷ്ട്രീയ പ്രശ്നമാക്കി ഉയർത്തിക്കൊണ്ടുവരുമെന്നും ജയറാം രമേശ് പറഞ്ഞു.

2019ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന പ്രസംഗത്തിനിടെ നടത്തിയ പരാമർശത്തിന്റെ പേരിലാണ് ​രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവു ശിക്ഷ വിധിച്ചത്. അപകീർത്തിക്കേസിലെ പരമാവധി ശിക്ഷയാണിത്.

ശിക്ഷ വിധിച്ച കോടതി തന്നെ അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ശിക്ഷ നടപ്പാക്കാൻ 30 ദിവസത്തെ സാവകാശം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Opposition Meet Today Over Rahul Gandhi's Jail Sentence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.